സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. മഴക്കാലത്ത് പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ മഴക്കാലം ശക്തമാകും മുൻപേ തന്നെ പനി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. ഇതും ആശങ്ക വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ ആരോഗ്യ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയും ഉണ്ട്.
പനിയെ തിരിച്ചറിയണം
വൈറൽ പനി: തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി, ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം എന്നിവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ.
ഡെങ്കിപ്പനി: ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, ശക്തമായ തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ.
എലിപ്പനി: മഴക്കാലത്താണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. എലി, കന്നുകാലികൾ തുടങ്ങി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും ക്ഷീണവും, പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാകും, കഠിനമായ തലവേദന, പേശീവേദന, കാൽമുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറം, മൂത്രം മഞ്ഞനിറത്തിൽ പോവുക എന്നിവയാണ് ലക്ഷണങ്ങൾ.
ALSO READ: Leptospirosis: എലിപ്പനി രോഗബാധ വർധിക്കുന്നു; വയനാട്ടിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനി ആണെന്ന് സംശയിക്കണം, വിശപ്പില്ലായ്മ, മനംപുരട്ടൽ, ഛർദി, വയറുവേദന, ഛർദി, വയറ്റിളക്കം, ത്വക്കിൽ ചുവന്നപാടുകൾ, എലിപ്പനി കരളിനെയും മഞ്ഞപ്പിത്തം വൃക്കകളെയും ബാധിക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലർന്ന മൂത്രം പോവുക, കാലിൽ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഏകദേശം പത്തു ദിവസത്തിനകം (രണ്ടു ദിവസം മുതൽ നാല് ആഴ്ച) രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
പ്രാരംഭ ലക്ഷണങ്ങൾ മറ്റ് പകർച്ചപ്പനികളുടേതുപോലെ ശക്തമായ പനി, തലവേദന, ശരീരവേദന എന്നിവ ആയതിനാൽ പലപ്പോഴും വൈറൽ പനി പോലെയുള്ള പനിയെന്ന് കരുതി രോഗനിർണയം വൈകിപ്പിക്കുകയും ചികിത്സ ഫലപ്രദമല്ലാതെ വരുകയും ചെയ്യാം. ആരംഭത്തിലെ രോഗനിർണയം നടത്തി ചികിത്സ ചെയ്താൽ നൂറുശതമാനവും ഭേദമാക്കാവുന്ന ഒരു രോഗമാണിത്. ചില ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ രോഗത്തെ ആരംഭത്തിൽ തന്നെ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...