Heatwave In India: വേനൽക്കാലത്തെ കടുത്ത ചൂടിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

Food For Heatwave: പല സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗത്തിനുള്ള സാധ്യത വർധിക്കുകയാണ്. ഇത് ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 03:14 PM IST
  • ശരീരത്തിൽ അമിതമായി ചൂടേൽക്കുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹീറ്റ്‌ സ്ട്രോക്ക്
  • സൂര്യപ്രകാശത്തിൽ കൂടുതൽ നേരം പുറത്ത് നിൽക്കുമ്പോഴാണ് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നതിന് സാധ്യത കൂടുതൽ
Heatwave In India: വേനൽക്കാലത്തെ കടുത്ത ചൂടിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് ആരോ​ഗ്യം സംരക്ഷിക്കാൻ പല വിധത്തിലുള്ള പ്രതിരോധ മാർ​ഗങ്ങളും സ്വീകരിക്കുകയാണ് ആളുകൾ. കുതിച്ചുയരുന്ന താപനിലയിൽ, നമ്മുടെ ഭക്ഷണക്രമവും നിയന്ത്രിക്കേണ്ടതുണ്ട്. അതികഠിനമായ ചൂടുള്ള കാലാവസ്ഥയിൽ പുറത്ത് പോകുമ്പോൾ ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗത്തിനുള്ള സാധ്യത വർധിക്കുകയാണ്. ഇത് ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.

എന്താണ് ഹീറ്റ് സ്ട്രോക്ക്?

ശരീരത്തിൽ അമിതമായി ചൂടേൽക്കുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹീറ്റ്‌ സ്ട്രോക്ക്. സൂര്യ പ്രകാശത്തിൽ കൂടുതൽ നേരം പുറത്ത് നിൽക്കുമ്പോഴാണ് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നതിന് സാധ്യത കൂടുതൽ. ശരീര താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമ്പോൾ, ഒരു വ്യക്തി ഈ അവസ്ഥയിൽ ആകാൻ സാധ്യതയുണ്ട്. ഹീറ്റ്‌ സ്ട്രോക്ക് അല്ലെങ്കിൽ സൂര്യാഘാതം, ഉടനടി ചികിത്സിച്ച ലഭ്യമാക്കിയില്ലെങ്കിൽ, ഗുരുതരമായ മസ്തിഷ്ക ക്ഷതം സംഭവിക്കുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഉഷ്ണ തരം​ഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

വെള്ളരിക്ക: വേനൽക്കാലത്ത് തീർച്ചയായും ഭക്ഷണത്തിൽ ചേർക്കേണ്ട വസ്തുവാണ് വെള്ളരിക്ക. ഇതിൽ ഉയർന്ന ജലാംശം ഉണ്ട്. കൂടാതെ, വിറ്റാമിനുകളായ എ, ബി ഫോളേറ്റുകൾ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ശരീരത്തിൽ തണുപ്പും ജലാംശവും നിലനിർത്തുകയും ചെയ്യും.

തക്കാളി: ചൂടിനെ പ്രതിരോധിക്കാൻ തക്കാളി ഉചിതമാണ്. തക്കാളിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ട്. തക്കാളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

തൈര്: തൈര് ശരീരത്തിന് വളരെ തണുപ്പ് നൽകുന്നു. ഇത് റൈത, മോര്, ലസ്സി തുടങ്ങി പലവിധത്തിൽ കഴിക്കാം. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്ന ഒരു പ്രോബയോട്ടിക്കാണ് തൈര്. വേനൽക്കാലത്ത് തൈര് കഴിക്കുന്നത് ശരീരത്തിന് തണുപ്പും ആരോ​ഗ്യവും ലഭിക്കാൻ സഹായിക്കും.

തേങ്ങാവെള്ളം: ചൂടിനെ ചെറുക്കാനുള്ള മികച്ച പാനീയമാണ് തേങ്ങാവെള്ളം. ഇത് ഇലക്ട്രോലൈറ്റിനാൽ സമ്പന്നമാണ്. പോഷകഗുണമുള്ളതും തണുപ്പ് നൽകുന്നതുമാണ്. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് നല്ലൊരു ഉറവിടമാണ്.

പുതിന: പുതിന വേനൽക്കാലത്ത് ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട വസ്തുവാണ്. ചട്ണിയിലും വിവിധ പാനീയങ്ങളിലും പുതിനയില ചേർത്ത് കഴിക്കാം. ഇതിന് രുചിയും സ്വാദും മാത്രമല്ല, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. പുതിനയില കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

തണ്ണിമത്തൻ: തണ്ണിമത്തൻ മുതൽ മസ്‌ക്‌മെലൺ വരെയുള്ള പഴങ്ങൾ കൂടുതൽ ജലാംശം നൽകുന്ന വേനൽക്കാല പഴങ്ങളാണ്. അവ പോഷക സമ്പുഷ്ടവും ഉയർന്ന ജലാംശമുള്ളതുമാണ്. ഇത് നിങ്ങളുടെ ദഹനത്തെ മികച്ചതാക്കാനും വേനലിലെ കടുത്ത ചൂടിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.

വേനൽക്കാലത്ത് ശരീരത്തിന് സാധാരണയേക്കാൾ കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ ധാരാളം ദ്രാവകങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. വെയിലത്ത് അധികം നേരം നിൽക്കുന്നത് ഒഴിവാക്കണം. ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ഭക്ഷണത്തിൽ കൂടുതലായും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇളം നിറമുള്ളതും അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. ശരീര ഊഷ്മാവ് കുറയ്ക്കാൻ ഇടയ്ക്കിടെ കുളിക്കുന്നത് നല്ലതാണ്. നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കാതിരിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News