തുടക്കത്തിലെ കണ്ടെത്തിയില്ലെങ്കിൽ കാഴ്ച എന്നെന്നേക്കുമായി നഷ്ടമാകും; അറിയാതെ പോവരുത് ഗ്ലോക്കോമ

കണ്ണിലെ മർദ്ദം ക്രമാതീതമായി കൂടുകയും കണ്ണിലെ ഞരമ്പുകൾക്ക് നാശനഷ്ടം സംഭവിക്കുന്നു

Written by - നീത നാരായണൻ | Edited by - M Arun | Last Updated : Mar 14, 2022, 11:32 AM IST
  • ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത് ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ
  • രണ്ട് തരം ഗ്ലോക്കോമയാണ് പ്രധാനമായും ഉള്ളത്
  • പ്രായമുള്ളവരിൽ പത്തിലൊന്ന് പേർക്കും ഗ്ലോക്കോമ കാണപ്പെടുന്നു
തുടക്കത്തിലെ കണ്ടെത്തിയില്ലെങ്കിൽ കാഴ്ച എന്നെന്നേക്കുമായി നഷ്ടമാകും; അറിയാതെ പോവരുത് ഗ്ലോക്കോമ

അന്ധതയുടെ കാരണങ്ങളിൽ ലോകത്ത് ഒന്നാമതായി പറയുന്ന രോഗാവസ്ഥകളിലൊന്നാണ് ഗ്ലോക്കോമ . ഗ്ലോക്കോമ ബാധിക്കുന്ന ഭൂരിഭാഗം പേർക്കും പ്രശ്നം തിരിച്ചറിയാനാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്ത് 15 ദശലക്ഷം ഗ്ലോക്കോമ രോഗികളെങ്കിലും ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രാരംഭ ഘട്ടങ്ങളിൽ പ്രത്യേക ലക്ഷണങ്ങൾ ഇല്ലാത്തതും രോഗം മുൻകൂട്ടി കണ്ടുപിടിക്കാൻ സാധിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു . 

എന്താണ് ഗ്ലോക്കോമ

കണ്ണിലെ മർദ്ദം ക്രമാതീതമായി കൂടുകയും കണ്ണിലെ ഞരമ്പുകൾക്ക് നാശനഷ്ടം സംഭവിക്കുന്നു . കാലക്രമേണ വശങ്ങളിലെ കാഴ്ചനഷ്ടത്തിലൂടെ മുഴുവനായും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ . ഒരിക്കൽ കാഴ്ച നഷ്ടമായാൽ പിന്നീട് അത് വീണ്ടെടുക്കാനാവില്ല. കണ്ണിൽ രണ്ട് തരത്തിലുള്ള ദ്രവങ്ങളാണ് ഉള്ളത്. കണ്ണിനുള്ളിലെ ലെൻസിന് മുൻപിലുള്ള അക്വസ് ദ്രവവും ലെൻസിന് പിന്നിലെ ജെല്ലി പോലത്തെ വിട്രിയസ് ദ്രവവും. കണ്ണിന് ആവശ്യമായ പോഷകങ്ങൾ നൽകുക,ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുക തുടങ്ങിയവയാണ്.

അന്ധത ബാധിച്ചതിന് ശേഷം കൂടുതൽ രൂക്ഷമാകാതെ തടയാൻ സാധിക്കും . ഭാഗികമായി നഷ്ടപ്പെട്ട കാഴ്ച തിരിച്ചു നേടാൻ പ്രയാസമാണ് . 50 വയസിന് മുകളിൽ പ്രായമുള്ള 200 പേരിൽ ഒരാൾക്ക് ഗ്ലോക്കോമ ബാധയുണ്ടാകുമെന്നാണ് പഠനം . 80 വയസിന് മുകളിൽ പ്രായമുള്ളവരിൽ പത്തിലൊന്ന് പേർക്കും ഗ്ലോക്കോമ കാണപ്പെടുന്നു . 

ഗ്ലോക്കോമ രണ്ട് തരം

ഓപ്പൺ ആംഗിൾ ക്ലോസ്ഡ് ആംഗിൾ എന്നീ രണ്ട് തരം ഗ്ലോക്കോമയാണ് പ്രധാനമായും ഉള്ളത് . ഈ രണ്ടുതരം കൂടാതെ ജന്മനാ തന്നെ കുട്ടികളിൽ കാണപ്പെടുന്ന ഗ്ലോക്കോമയും തിമിരം മൂലമുള്ള ഗ്ലോക്കോമയും ഉണ്ട് . 

ലക്ഷണങ്ങൾ

വേദനാരഹിതവും പതുക്കെ  ഗുരുതരമാകുന്നതുമാണ് ഓപ്പൺ ആംഗിൾ . പതുക്കെ ദൃഷ്ടി മണ്ഡലം ചുരുങ്ങുന്നതാണ് രോഗലക്ഷണം.
മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവ്,ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാൻ സാധിക്കാതെ വരിക,നടക്കാൻ പ്രയാസം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ . 

ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത് ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ എന്ന രോഗമാണ് . കണ്ണിന് പെട്ടെന്നുണ്ടാകുന്ന വേദന,പെട്ടെന്ന് കാഴ്ച കുറയുക,പ്രകാശസ്രോതസുകൾക്ക് ചുറ്റും പ്രകാശവലയം എന്നിവയാണ് രോഗം ലക്ഷണം . ക്ലോസ് ആങ്കിൾ ഗ്ലോക്കമയിൽ അടിയന്തര വൈദ്യസഹായം വേണ്ടതാണ് . 

അസുഖം കണ്ടെത്താം

കണ്ണിലെ പ്രഷർ കൂടിയിരിക്കുന്നത് ടോണോ മീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് കണ്ടെത്താം . സാധാരണ പ്രഷർ 12 നും 21നും ഇടയിലായിരിക്കും . 22ൽ കൂടുതൽ പ്രഷർ അപകടമാണ് . 

കാഴ്ചഞരമ്പുകൾക്ക് എത്രത്തോളം നാശം സംഭവിച്ചുവെന്ന് പെരിമെട്രി പരിശോധനയിലൂടെ കണ്ടെത്താം . ആദ്യം വശങ്ങളിലെ കാഴ്ച മാത്രമേ ബാധിക്കൂ പിന്നീട് കാഴ്ച ചുരുങ്ങും . പിന്നീട് കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറും . ഐറിസിനും കോർണിയക്കും ഇടയിലുള്ള ആംഗിൾ ചുരുങ്ങുന്ന അവസ്ഥയിലക്കും ഗ്ലോക്കോമ എത്തിക്കും . 

ചികിത്സാ രീതികൾ

1.മരുന്ന് ചികിത്സ,ലേസർ ചികിത്സ,ശസ്ത്രക്രിയ എന്നിവയാണ് ചികിത്സാ രീതികൾ . അസുഖത്തിന്റെ അവസ്ഥയും തീവ്രതയും കണക്കാക്കി ചികിത്സാ രീതികൾ തീരുമാനിക്കും . 

2.ഓപ്പൺ ആംഗിൾ ഗ്ലോക്കോമക്കാണ് തുള്ളിമരുന്നുകൾ ഉപയോഗച്ചുള്ള ചികിത്സ നടപ്പാക്കുന്നത് . അക്വസ് ദ്രവത്തിന്റെ ഉത്പാദനം കുറക്കാനുള്ള മരുന്നുകളും പുറത്തേക്ക് ഒഴുക്ക് സുഗമമാക്കുന്ന മരുന്നുകളും ലഭ്യമാണ് . 

3.കണ്ണിലെ പ്രഷർ കുറക്കുന്നതിനായാണ് ലേസർ ചികിത്സ ലഭ്യമാക്കുന്നത് . കണ്ണിലെ ഐറിസ് എന്ന ഭാഗത്താണ് ലേസർ നടത്തുന്നത് . ദ്രാവകം തടസം കൂടാതെ ഒഴുകുന്നതിനും പ്രഷർ കുറയുന്നതിനും ഇത് സഹായിക്കും . 

4.രണ്ടിൽ അധികം മരുന്നുകൾ ഉപയോഗിച്ചിട്ടും പ്രഷർ നിയന്ത്രിക്കാൻ കഴിയാത്തവർക്കാണ് ശസ്ത്രക്രിയ നിർദേശിക്കുന്നത് . ചികിത്സയിലൂടെ  അസുഖം പൂർണമായും ഭേദമാകില്ലെങ്കിലും അസുഖം വർധിക്കാതെ നോക്കാം . 

5.ഗ്ലോക്കോമ കൃത്യ സമയത്ത് കണ്ടെത്താന്‍ സാധിക്കാത്തതും, തുടര്‍ച്ചയായ ചികിത്സ ലഭിക്കാത്തതുമാണ് അന്ധതയിലേക്ക് നയിക്കുന്നത്.രോഗം പെട്ടെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് കൂടുതൽ നല്ലത് .ഗ്ലോക്കോമ ദിനമായ മാർച്ച് 12 മുതൽ 18 വരെ ഗ്ലോക്കോമ വാരമായി ആചരിക്കുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News