'മണിയണ്ണൻ' വീഡിയോകളിലെ വിശേഷങ്ങളുമായി മണികണ്ഠൻ ; തമാശ കലർത്തിയ ഫോൺവിളികൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റ്!!!

Maniyan Speaking - ന്യൂ ജെനറേഷൻ ഭാഷയില്‍ വൈറലായിരിക്കുകയാണ് മണിയണ്ണന്റെ ഫോണ്‍ വിളികള്‍. 'മണിയന്‍ സ്പീക്കിംഗ്' എന്ന ചെറു വീഡിയോകളിലൂടെയാണ് നാടന്‍പദങ്ങള്‍ മലയാളികള്‍ക്കാകെ മണികണ്ഠൻ സുപരിചിതമാക്കിയത്.

Written by - Abhijith Jayan | Last Updated : Jan 13, 2022, 08:11 PM IST
  • ഗ്രാമീണ നിത്യജീവിത സന്ദര്‍ഭങ്ങളാണ് മണികണ്ഠന്റെ ഫോൺ വിളികളിലെ സ്ഥിരം പ്രമേയം.
  • അതിശയോക്തികളില്ലാതെ ഏറെ കൃത്രിമ ചേരുവകള്‍ ചേര്‍ക്കാതെ ഹാസ്യരൂപേണ വീഡിയോകൾ അവതരിപ്പിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ തോന്നയ്ക്കലുകാരനുണ്ട്.
  • മണിയന്‍ എന്നൊരാള്‍ ' അണ്ണന്‍' എന്ന സാങ്കല്‍പ്പിക കഥാപാത്രത്തോട് ഫോണില്‍ സംസാരിക്കുന്നതാണ് വീഡിയോകളിലെ ഇതിവൃത്തം
'മണിയണ്ണൻ' വീഡിയോകളിലെ വിശേഷങ്ങളുമായി മണികണ്ഠൻ ; തമാശ കലർത്തിയ ഫോൺവിളികൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റ്!!!

തിരുവനന്തപുരം: ഭാഷാ വൈവിധ്യങ്ങളാൽ സമ്പന്നമാണ് തിരുവനന്തപുരം നഗരം. കേരളത്തിന്റെ തെക്കേയറ്റത്തെ അതിർത്തി ഗ്രാമമായ പാറശാല മുതൽ വർക്കല വരെയുള്ള 73 കിലോമീറ്റർ ചുറ്റളവിലുള്ള ഓരോ പ്രദേശങ്ങളിലും ഉപയോഗിക്കുന്നത് വ്യത്യസ്ത തരം ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളാണ്. 

എന്നാൽ, നഗരത്തിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശമായ തോന്നയ്ക്കലിലുള്ള മണികണ്ഠന് നഗരത്തിൻ്റെ ഏതു മുക്കിലും മൂലയിലുമുള്ള ശൈലിയും അനായാസം വഴങ്ങും. ന്യൂ ജെനറേഷൻ ഭാഷയില്‍ വൈറലായിരിക്കുകയാണ് മണിയണ്ണന്റെ ഫോണ്‍ വിളികള്‍. 'മണിയന്‍ സ്പീക്കിംഗ്' എന്ന ചെറു വീഡിയോകളിലൂടെയാണ് നാടന്‍പദങ്ങള്‍ മലയാളികള്‍ക്കാകെ മണികണ്ഠൻ സുപരിചിതമാക്കിയത്.

ALSO READ : Nunchaku Martial Art: 'നഞ്ചക്ക് ' കറക്കി, റെക്കോർഡുകൾ വാരിക്കൂട്ടി അരൂജ്, ആയോധനകല പഠിപ്പിക്കാൻ കൂട്ടിന് യൂട്യൂബ് ചാനലും

ഗ്രാമീണ നിത്യജീവിത സന്ദര്‍ഭങ്ങളാണ് മണികണ്ഠന്റെ ഫോൺ വിളികളിലെ സ്ഥിരം പ്രമേയം. അതിശയോക്തികളില്ലാതെ ഏറെ കൃത്രിമ ചേരുവകള്‍ ചേര്‍ക്കാതെ ഹാസ്യരൂപേണ വീഡിയോകൾ അവതരിപ്പിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ തോന്നയ്ക്കലുകാരനുണ്ട്. മണിയന്‍ എന്നൊരാള്‍ ' അണ്ണന്‍' എന്ന സാങ്കല്‍പ്പിക കഥാപാത്രത്തോട് ഫോണില്‍ സംസാരിക്കുന്നതാണ് വീഡിയോകളിലെ ഇതിവൃത്തം.

വീടുകളിൽ സാധാരണഗതിയിൽ സംസാരിക്കുന്ന വർത്തമാനങ്ങളും നാട്ടുകാര്യങ്ങളും നാട്ടിൻപുറങ്ങളിൽ ഉണ്ടാകുന്ന വഴക്കുകളും തർക്കങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെയാണ് മണികണ്ഠന്റെ വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്നത്. മണിയണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ സംഗതി പൊളപ്പൻ. ഇതിവൃത്തം കൊണ്ടു തന്നെ ഫോൺ വിളി വീഡിയോസ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലാണ്.

എന്തര്പാട് ഡേയ്, ഊപ്പാട്, ഊരണത്, ഊച്ചി, ഒടപ്രന്നാന്‍, കൊത്തന്‍, പങ്കം, വെറുഞ്ചായ, ക്ടാ കുട്ടി, ഇമ്പാമ്പ, ഇത്തിപ്പോലം, വാക്ക് കേട്, പിരുത്ത്, മോന്ത, തുടങ്ങി നഗരത്തിൻ്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ സാധാരണ മനുഷ്യർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാധാരണ പദപ്രയോഗങ്ങളാണ് മണികണ്ഠൻ്റെയും ഭാഷകളിൽ നിറഞ്ഞു നിൽക്കുന്നത്. പട്ടണത്തിൻ്റെ, പ്രത്യേകിച്ച് ഒരു സ്ഥലത്ത് സംസാരിക്കുന്നതുപോലെയല്ല മറ്റൊരു സ്ഥലത്തെ ആളുകൾ സംസാരിക്കുന്നത്. 

ALSO READ : Snake Statues | ആകാശിന്റെ വീടിന് മുന്നിൽ അനക്കോണ്ട; അമ്പരന്ന് നാട്ടുകാർ; പിന്നീട് സംഭവിച്ചത് ഇങ്ങനെ!

മലയോര മേഖലകളിലും തീരദേശ മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും നാട്ടിൻപുറത്തും നഗരത്തിലുമെല്ലാം വ്യത്യസ്ത തരം ശൈലിയിലുള്ള പദപ്രയോഗങ്ങളാണ് ആളുകൾ പരസ്പര സംസാരിക്കാനും ആശയ സംവേദനത്തിനു വേണ്ടിയും ഉപയോഗിക്കുന്നത്. മിനിമം അഞ്ചു കിലോമീറ്റർ ചുറ്റളവിലെങ്കിലും ഈ ശൈലിയുടെ ഒഴുക്ക് ഇങ്ങനെയങ്ങ് മാറി കൊണ്ടേയിരിക്കുമെന്നതാണ് ഇവിടുത്തെ ഭാഷാ വൈവിധ്യങ്ങളുടെ പ്രത്യേകത.

ഒരുപക്ഷേ, നഗരജീവിതത്തിൽ ജീവിക്കുന്ന ഒരാൾക്ക് തനി നാട്ടിൻ പ്രദേശങ്ങളിലെ ആളുകൾ ഒരു പ്രത്യേക തരം വേഗതയിൽ ചില പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് മനസ്സിലാക്കാൻ പോലും കഴിയാറില്ല.വാക്കിൻ്റെ അർത്ഥം എളുപ്പത്തിൽ കിട്ടിയാലും, ആ വാക്ക് ഉപയോഗിക്കുന്ന രീതിയും സംസാരിക്കുന്ന ശൈലിയും മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടാണ്.

തിരുവനന്തപുരത്തെ തോന്നയ്ക്കലിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ ജനിച്ചുവളർന്ന എൻ്റെ നാട്ടിലെ ആളുകൾ  സംസാരിച്ചു വരുന്ന നാട്ടുഭാഷയാണിത്. തിരോന്തരം ജില്ലക്കാരുടെയാകെ സംസാര ഭാഷ ഏകദേശം ഈ ശൈലിയിലാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. തീരപ്രദേശങ്ങളിലും ബാലരാമപുരം കഴിഞ്ഞുള്ള അതിര്‍ത്തി പ്രദേശങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ സംസാര ഭാഷയിലും പദപ്രയോഗങ്ങളിലുമുണ്ട് . നീട്ടലും കുറുക്കലുമാണ് ഇതിനു കാരണം - മണികണ്ഠൻ പറയുന്നു.

ALSO READ : ടിക്ടോക് താരം ലക്ഷ്മി ഇവിടെയുണ്ട്; കുടുംബം പോറ്റാന്‍ കുലുക്കി സര്‍ബത്തുമായി

ഇത്തരത്തിൽ കൂടുതൽ വീഡിയോകൾ  ചെയ്തപ്പോൾ പ്രതീക്ഷകൾക്കപ്പുറം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമാശ രൂപേണ ഇക്കഴിഞ്ഞ ലോക്ഡൗൺ കാലയളവ് ആഘോഷിക്കാൻ വെറുതെയൊരു രസത്തിന് തുടങ്ങിയതാ. വീഡിയോ കണ്ട ശേഷം സുഹൃത്തുക്കളും, നാട്ടുകാരും അങ്ങനെ സിനിമ-സീരിയല്‍-സാഹിത്യ മേഖലകളിലെ നിരവധി ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. അതിയായ സന്തോഷമുണ്ട്.- മണികണ്ഠൻ്റെ വാക്കുകൾ.

നേരില്‍ കാണുന്ന മണിയന്‍ എന്ന കഥാപാത്രവും ഫോണിന്റെ മറുതലയ്ക്കലുള്ള 'അണ്ണന്‍' എന്ന സാങ്കല്‍പ്പിക കഥാപാത്രവുമാണ് മണിയൻ വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരുപാട് കഥാപാത്രങ്ങളുടനീളം വീഡിയോയുടെ ഭാഗമാകുന്നുണ്ട്. എന്നാല്‍, അവരുടെയെല്ലാം വിശേഷങ്ങള്‍ മണിയനിലൂടെയും അണ്ണനിലൂടെയുമാണ് കടന്നുപോകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സിനിമയിലാണെങ്കിലും കോമഡി പരിപാടികളിലാണെങ്കിലും,തമാശകള്‍ ചേര്‍ക്കുമ്പോള്‍ ചെറിയ അശ്ലീല ചുവയൊക്കെ വരാറുണ്ട്. എന്നാൽ മണിയന്‍ സ്പീക്കിംഗിലെ വീഡിയോകളില്‍ ഇത് വന്നിട്ടില്ല.ഉള്ളടക്കം കേള്‍ക്കാതെ തന്നെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയക്കാന്‍ പറ്റുന്നതാണ് വീഡിയോകളെല്ലാം എന്ന് ഇതു കേൾക്കുന്ന ഏതൊരാൾക്കും പറയാം.

ആദ്യമെടുത്ത വീഡിയോ ഒരു സുഹൃത്തിന് അയച്ചു കൊടുത്തു. അവന്‍ അത് കേട്ട ശേഷം ഒന്നും പറയാതെ കുറച്ച് സംഗീതവും ചെറിയ ചെറിയ സാങ്കേതികമായ കൂട്ടിച്ചേർക്കലുകൾ നടത്തി തിരിച്ചയച്ചു.കേട്ടപ്പോള്‍ നല്ലതായി തോന്നി. പിന്നീടെടുത്ത വീഡിയോകള്‍ ഓരോന്നും അവന് അയച്ചു കൊടുക്കുമ്പോള്‍ ഇത്തരത്തിൽ ഇഫക്റ്റൊക്കെ ഇട്ട് തിരിച്ചു അയച്ചുതരും. - മണികണ്ഠൻ പറഞ്ഞു.

സജി സബാന എന്നാണ് ചെറിയ എഡിറ്റുകൾ നടത്തി അയച്ചു തരുന്ന കൂട്ടുകാരന്റെ പേര്.തോന്നയ്ക്കൽ സ്വദേശിയാണ്. സീരിയലുകളിലും കോമഡി പരിപാടികളിലും നാട്ടുകാരൻ കൂടിയായ സജി സജീവമാണ് - മണികണ്ഠൻ വ്യക്തമാക്കി.

ഇത്തരത്തിൽ ഫോൺവിളി വീഡിയോകൾ മുൻപ് ഉണ്ടായതായി അറിവില്ല. അനുകരണമില്ലാതെ തൻ്റേതായ സ്വതസിദ്ധമായ രീതിയിലൂടെയാണ് വീഡിയോകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ അത്തരത്തിൽ ഒരു മാറ്റം വേണ്ടെന്നാണ് എല്ലാവരും നൽകുന്ന നിർദ്ദേശം. 

കുറേക്കാലം ഓടുമ്പോള്‍ ആളുകള്‍ ഇതും മടുത്തു തുടങ്ങാം. ഉള്ളടക്കം കണ്ട ശേഷം ഇതെല്ലാം ഒരുപോലെ തന്നെ എന്നും പറയാം. എന്നാലും ഇതുപോലെ തന്നെ ചെയ്തു പോകാനാണ് ഇഷ്ടം. എതെങ്കിലും തരത്തിൽ പ്രശ്നങ്ങളോ കുഴപ്പങ്ങളോ ഉള്ളതായി കണ്ടവർ ആരും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല - മണികണ്ഠൻ മനസ്സുതുറന്നു.

മണികണ്ഠൻ്റെ തോന്നയ്ക്കലിലുള്ള വീട്ടിൽ വച്ചാണ് മൊബൈൽ ഫോണിൻ്റെ സഹായത്തിൽ വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്. എന്നിട്ടാണ് ചെറിയ  എഡിറ്റുകൾ വരുത്താൻ സുഹൃത്ത് സജിക്ക് അയച്ചു കൊടുക്കുന്നത്. മണികണ്ഠന്റെ കുടുംബവും വിഡിയോഷൂട്ടിന് പൂർണ പിന്തുണ നൽകാൻ ഒപ്പമുണ്ട്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ ജീവനക്കാരൻ കൂടിയാണ് മണികണ്ഠൻ. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാള വിഷയം പഠിപ്പിക്കുന്ന അധ്യാപകനുമാണ് ഇദ്ദേഹം.തീർന്നില്ല, തോന്നയ്ക്കല്‍ നവകേരളാ കലാസമിതി എന്ന പേരില്‍ കഴിഞ്ഞ 27 വര്‍ഷമായി വില്‍പ്പാട്ട് സംഘം മണികണ്ഠൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. കേരളമൊട്ടാകെയും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മണി വില്‍പ്പാട്ടു കഥ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ സാംസ്‌കാരിക വകുപ്പിന് കീഴിലും ഇദ്ദേഹത്തിന് നിരവധി വേദികള്‍ ലഭിച്ചിട്ടുണ്ട്.

അധ്യാപകൻ, വിൽപാട്ട് കലാകാരൻ,  സീരിയൽ ഷോർട്ട് ഫിലിം ഡോക്യുമെൻററി അഭിനേതാവ് എന്നീ രംഗങ്ങളിൽ തിളങ്ങുന്ന മണികണ്ഠൻ അനന്തപുരിക്ക് തന്നെ വ്യത്യസ്തനാവുകയാണ്. ആദ്യഘട്ടത്തിൽ കൊവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടൽ കാലത്താണ് മണികണ്ഠൻ അധികവും വീഡിയോകൾ ചെയ്തത്. പിന്നീട്, ലോക്ക്ഡൗൺ കഴിഞ്ഞങ്കിലും ഹാസ്യാത്മക രൂപത്തിൽ അവതരിപ്പിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി തന്നെ ഇപ്പോഴും നല്ല പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്. 

'മണികണ്ഠൻ പിള്ള. സി ' എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയും വീഡിയോകൾ ആസ്വദിക്കാനാകും. ഏറ്റവുമൊടുവിലായി ചെയ്ത മരണവീടുകളിൽ സംഭവിക്കുന്നത് എന്ന തലക്കെട്ടോടെ നൽകിയ വീഡിയോയ്ക്കും കാഴ്ചക്കാരേറെയാണ്.

ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് മണികണ്ഠന്റെ എല്ലാ ജൈത്രയാത്രകൾക്കുമൊപ്പം സഞ്ചരിക്കുന്നത്. കൊല്ലം പെരിനാട് ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ മലയാള വിഭാഗം അധ്യാപിക സരിതാ ഗോപാലാണ് മണികണ്ഠൻ്റെ ഭാര്യ. മൂത്ത മകൾ ഗൗരിചന്ദന പ്ലസ് ടു കഴിഞ്ഞു. ഇളയ മകൻ ഗൗതം കൃഷ്ണ തോന്നയ്ക്കൽ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News