ഉദരസംബന്ധിയായ മിക്ക രോഗങ്ങള്‍ക്കും ഔഷധമാണ് കായം. കായം വാത, കഫ വികാരങ്ങളെയും വയര്‍ വീര്‍ക്കുന്നതിനെയും വയറുവേദനയെയും ശമിപ്പിക്കുന്നുവെന്നാണ് ശാസ്ത്രം!
ഔഷധത്തിനുമപ്പുറം പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും രുചി വര്‍ധിപ്പിക്കാന്‍ കായം ഉപയോഗിക്കുന്നുണ്ട്. വയറ്റിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും കായം ഔഷധമായി ഉപയോഗിക്കാം.
കായം നെയ്യില്‍ വറുത്തുപൊടിച്ച് കാല്‍ഭാഗം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് സൂക്ഷിച്ചുവെയ്ക്കാം. ഇത് കുറേശ്ശെ പല പ്രാവശ്യമായി കഴിക്കുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ മാറാന്‍ സഹായിക്കുന്നു.
ചുക്കുകഷായത്തില്‍ കായം അരച്ചുകലക്കിയ വെള്ളവും ചേര്‍ത്ത് ഒരൗണ്‍സ് വീതം മൂന്നുനേരം സേവിച്ചാല്‍ ചുമ, ബോധക്കേട്, വായുകോപം ഇവ ശമിക്കും.
കീടവിഷങ്ങള്‍ ഉള്ളില്‍ച്ചെന്നാല്‍ പേരയുടെ ഇല ചതച്ചു പിഴിഞ്ഞ നീരില്‍ കായം കലക്കി കുടിച്ചാല്‍ വിഷം നിര്‍വീര്യമാകും. എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ ഇവ സമം അരച്ച് പുരട്ടിയാല്‍ മതിയാകും.
മുരിങ്ങത്തൊലി, വെളുത്തുള്ളി, കായം എന്നിവ സമം അരച്ച് നെഞ്ചില്‍ പുറംപടയിട്ടാല്‍ ചുമയ്ക്ക് ശമനം ഉണ്ടാകും. വേപ്പില നന്നായി അരച്ച് കായം ലയിപ്പിച്ച വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു പ്രാവശ്യം വെച്ച് മൂന്നുദിവസം 30 മില്ലി വീതം സേവിച്ചാല്‍ ഉദരകൃമി, വിര ഇവയ്ക്ക് ശമനം ലഭിക്കും.
കായം എല്ലായ്‌പ്പോഴും നെയ്യില്‍ വറുത്തുപയോഗിക്കാനാണ് ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്. നെയ്യില്‍ വറുത്തു കഴിഞ്ഞാല്‍ കായം ശുദ്ധമാകും. വളരെ അകലെ നിന്നുതന്നെ പെട്ടെന്നു വേര്‍തിരിച്ചറിയാന്‍ കഴിയുന്ന കായത്തിന്‍റെ അപൂര്‍വമായ ഗന്ധവും രോഗാവസ്ഥയില്‍ അതിന്റെ പ്രയോഗത്താല്‍ ലഭിക്കുന്ന ഫലസിദ്ധിയും നമ്മുടെ ഭക്ഷണങ്ങള്‍ തീന്‍മേശയിലെത്തുമ്പോഴുണ്ടാകുന്ന ആകര്‍ഷണവും എല്ലാം ഇതിന്‍റെ പ്രശസ്തി വര്‍ധിപ്പിക്കുന്നു.