ന്യൂഡല്‍ഹി: നവീകരണത്തിന്‍റെ ഭാഗമായി സൈനികരുടെ എണ്ണം വെട്ടിക്കുറച്ച് സാങ്കേതിക മികവിന് പ്രാധാന്യം നല്‍കാന്‍ കരസേന തയ്യാറെടുക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധത്തില്‍ ആളെണ്ണത്തെക്കാള്‍ സാങ്കേതിക മികവിനാണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞാണ് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ സേന തയ്യാറെടുക്കുന്നത്.
നിലവില്‍ 12 ലക്ഷത്തോളം സൈനികരാണുള്ളത്. അഞ്ചുവര്‍ഷംകൊണ്ട് ഇതില്‍ ഒന്നരലക്ഷംമുതല്‍ രണ്ടുലക്ഷംപേരെ കുറയ്ക്കാനാണ് തീരുമാനം. ഇതുവഴി 5000 മുതല്‍ 7000 കോടി രൂപവരെ ലാഭിക്കാനാവുമെന്നും ഈ തുക അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കാമെന്നുമാണ് സൈനികനേതൃത്വം കരുതുന്നത്.
സൈന്യത്തിന്‍റെ ആധുനീകരണത്തിന് ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് സൈന്യം നേരത്തേ പരാതിപ്പെട്ടിരുന്നു. നിലവില്‍ പ്രതിരോധ ബജറ്റായി നീക്കിവെച്ചിട്ടുള്ള 1.28 ലക്ഷം കോടി രൂപയില്‍ 83 ശതമാനവും ശമ്പളം നല്‍കുന്നതിനും നിത്യചിലവിനുമായാണ് വേണ്ടിവരുന്നത്.
സൈനികരുടെ പെന്‍ഷന്‍ തുക ഉള്‍പ്പെടാതയാണ് ഈ കണക്ക്. ബജറ്റിന്‍റെ 17 ശതമാനം അതായത് ഏകദേശം 26,826 കോടി രൂപയാണ് മൂലധനചിലവായി ലഭിക്കുന്നത്. ഇത് അപര്യാപ്തമാണെന്നാണ് അധികൃതര്‍ പറയുന്നത്.
സൈനികരുടെ എണ്ണം കുറയ്ക്കുന്നത് ഇപ്പോഴുള്ളവരെ പിരിച്ചുവിട്ടായിരിക്കില്ല. വര്‍ഷംതോറും ഏതാണ്ട് 60,000 പേര്‍ സൈന്യത്തില്‍നിന്ന് വിരമിക്കുന്നുണ്ട്. പുതുതായി നിയമിക്കുന്നവരുടെ എണ്ണം കുറച്ചാണ് സൈന്യത്തിന്‍റെ വലുപ്പം കുറയ്ക്കുക.
വിവിധ വിഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തിനുമുമ്പ് 1998-ലാണ് ഏറ്റവും ഒടുവില്‍ സൈനികബലം വെട്ടിക്കുറച്ചത്. അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി.പി. മാലികിന്‍റെ ആയിരുന്നു തീരുമാനം. അന്ന് 50,000 സൈനികരെയായിരുന്നു കുറച്ചത്.
നവീകരണം കരസേനാ ആസ്ഥാനത്തുനിന്നുതന്നെ തുടങ്ങാനാണ് റാവത്തിന്‍റെ തീരുമാനം. ഒരേ സ്വഭാവമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ട്രെയിനിങ്ങിന്‍റെ ഏതാനും ചുമതലകള്‍ സിംല ട്രെയിനിങ് കമാന്‍ഡിനെയും ബാക്കിയുള്ളവ കോംബാറ്റ് എന്‍ജിനീയറിങ് ഡയറക്ടറേറ്റിനും കൈമാറിയേക്കും. ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗവും പൊതുവിവര വിഭാഗവും സംയോജിപ്പിക്കാനും നീക്കമുണ്ട്.
വെപ്പണ്‍, എക്വിപ്‌മെന്റ്, പോളിസി പ്ലാനിങ് ഡയറക്ടറേറ്റുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതും പരിഗണിച്ചേക്കും. എന്‍ജിനീയറിങ് സിഗ്‌നല്‍ റെജിമെന്റ്, ഓപ്പറേറ്റിങ് സിഗ്‌നല്‍ റെജിമെന്റ് എന്നിവ സംയോജിപ്പിച്ച് 8000 ത്തോളം പോസ്റ്റുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്.