ഡല്‍ഹി ഉപ മുഖ്യമന്ത്രി ആശുപത്രി വിട്ടു

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു.

Last Updated : Jun 19, 2018, 02:02 PM IST
ഡല്‍ഹി ഉപ മുഖ്യമന്ത്രി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു.

കഴിഞ്ഞ ഒരാഴ്ചയായി ആം ആദ്മി നേതാക്കള്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ വസതിയില്‍ നടത്തിവന്ന നിരാഹാര സമരത്തെത്തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. 

ഒരാഴ്ചത്തെ സമരത്തിനു ശേഷം മനീഷ് സിസോദിയയും സത്യേന്ദ ജെയിനും ഔദ്യോഗിക ജോലികളില്‍ തിരിച്ചെത്തും. അതേസമയം, മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രി ഗോപാല്‍ റായിയും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ വസതിയില്‍ സമരത്തിലാണ്. 

ഇന്നലെ രാവിലെ നടന്ന വൈദ്യ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ കെറ്റോൺ നിലവാരം 7.4 ല്‍ എത്തിയിരുന്നു. പക്ഷെ മുന്‍പ് അത് 6.4 ആയിരുന്നു രേഖപ്പെടുത്തിയത്. ഡോക്ടര്‍മാരുടെ ഒരു സംഘം നടത്തിയ വിദഗ്ധമായ വൈദ്യ പരിശോധനയ്ക്കുശേഷമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

എന്നാല്‍, സമരത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നേതാക്കളുടെ നടപടിയെ ഒരു സമരമെന്ന് വിളിക്കാനാവില്ല എന്നും ഒരാളുടെ ഓഫീസിലോ വീട്ടിലോ സമരം നടത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം ഡല്‍ഹി സര്‍ക്കാറും ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രിംകോടതി ഇത് വരെ അന്തിമ വിധി പറഞ്ഞിട്ടില്ല.

ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്നും, കൂടാതെ സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ 11 മുതല്‍ ഡല്‍ഹി മുഖ്യമന്ത്രിയും 3 കാബിനറ്റ്‌ മന്ത്രിമാരും ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ ധര്‍ണ ആരംഭിച്ചത്. എന്നാല്‍ തങ്ങള്‍ സമരത്തില്‍ അല്ലെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.  

 

 

Trending News