ഡല്‍ഹി സംഘര്‍ഷം: മുസ്ലീങ്ങളെ ബാധിച്ചാല്‍ അവര്‍ക്കൊപ്പം, കേന്ദ്ര സര്‍ക്കാരിനെതിരെ രജനികാന്ത്!!

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത്. 

Last Updated : Feb 26, 2020, 09:01 PM IST
ഡല്‍ഹി സംഘര്‍ഷം: മുസ്ലീങ്ങളെ ബാധിച്ചാല്‍ അവര്‍ക്കൊപ്പം, കേന്ദ്ര സര്‍ക്കാരിനെതിരെ രജനികാന്ത്!!

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത്. 

കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നുവെന്നും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കലാപത്തിന് ഇടയാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയത്തെ ശക്തമായി അപലപിച്ച്ചായിരുന്നു താരത്തിന്‍റെ വിമര്‍ശനം. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനെയും രജനീകാന്ത് വിമര്‍ശിച്ചു..

അതേസമയം, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 27  ആയി.  മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ 48 പോലീസുകാരടക്കം 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംസ്ഥാനത്തെ കലാപമേഖലകള്‍ സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പമാണ് കെജ്രിവാള്‍ എത്തിയത്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്‍റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. 

സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചു.

ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

More Stories

Trending News