ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി പ്രതി കോടതിയിൽ. യാത്രക്കാരി സീറ്റിൽ സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്ര കോടതിയിൽ പറഞ്ഞത്. പോലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡൽഹി പട്യാല കോടതിയിലാണ് പ്രതി വിചിത്ര വാദം ഉന്നയിച്ചത്. യാത്രക്കാരിക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ട്. കഥക് നർത്തകിയാണ് പരാതിക്കാരിയെന്നും 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ ആരോഗ്യപ്രശ്നമുണ്ടെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു.
ബിസിനസ് ക്ലാസിലേത് അടച്ച സീറ്റുകളിലായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി കോടതിയിൽ വാദിച്ചു. ഇതിൽ എയര്‍ ഇന്ത്യയും അന്വേഷണം നടത്തുണ്ടെന്ന് മിശ്ര കോടതിയെ അറിയിച്ചു.
എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ച സംഭവം വാര്‍ത്ത ആയതിന് പിന്നാലെ മാപ്പ് അപേക്ഷിച്ച് പരാതിക്കാരിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പതിനയ്യായിരം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും ഇയാൾ സമ്മതിച്ചിരുന്നു. മദ്യപിച്ചിരുന്നതായും മിശ്ര കോടതിയിൽ സമ്മതിച്ചതാണ്. എന്നാൽ ഇപ്പോൾ പരാതിക്കാരിക്കെതിരെയാണ് മിശ്ര കോടതിയിൽ വാദമുന്നയിക്കുന്നത്. ഉന്നത ബന്ധങ്ങളുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പോലീസ് വാദം കണക്കിലെടുത്ത് ശങ്കര്‍ മിശ്രക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി.
2022 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ന്യൂയോര്‍ക്ക് ഡൽഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ച് ശങ്കര്‍ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...