കോവിഡ് മുക്തി നേടി ത്രിപുര...!!

ഗോവയ്ക്ക് പിന്നാലെ  കോവിഡ് മുക്തി നേടി ത്രിപുര...!! 

Last Updated : Apr 24, 2020, 03:41 PM IST
കോവിഡ് മുക്തി നേടി ത്രിപുര...!!

അഗര്‍ത്തല: ഗോവയ്ക്ക് പിന്നാലെ  കോവിഡ് മുക്തി നേടി ത്രിപുര...!! 

സംസ്ഥാനത്ത് കോവിഡ് ബാധിച്ച രണ്ടാമത്തെ വ്യക്തിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയ സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. 

'ത്രിപുരയിലെ രണ്ടാമത്തെ കോവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞിരിക്കുന്നു.  ഇതോടെ, സംസ്ഥാനം കോവിഡ് മുക്തമായിരിക്കുകയാണ്. എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ', ബിപ്ലബ് ദേബ് കുറിച്ചു. 

ത്രിപുരയില്‍ ഒരു  സ്ത്രീക്കാണ് ആദ്യം കോവിഡ് ബാധ കണ്ടെത്തിയത്. അസം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 6നാണ് സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് അഗര്‍ത്തല ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പുരുഷനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇയാളുടെ പരിശോധനാ ഫലവും ഇപ്പോള്‍ നെഗറ്റീവാണ്. വ്യാഴാഴ്ചയാണ് ഇയാളില്‍ രോഗബാധ നെഗറ്റീവാണെന്ന് കണ്ടത്തിയത്. 

അതേസമയം, സംസ്ഥാനത്ത്   111 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 227 പേര്‍ ഹോം ക്വാറന്റൈനിലുമുണ്ട്.

ത്രിപുരയ്ക്ക് മുന്‍പ് ഗോവയാണ്  സംസ്ഥാനത്തെ എല്ലാ കോവിഡ്  ബാധിതരെയും സുഖപ്പെടുത്തിയ സംസ്ഥാന൦. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ 7 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 

 

 

 

Trending News