ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരേയും ഒപ്പം ക്യാമ്പസില്‍ ഉണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുന്നത്.
എന്നാല്‍, ഡല്‍ഹി കടുത്ത പോലീസ് നിരീക്ഷണത്തിലാണ്. ഡൽഹി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. റാലിയ്ക്ക് മുന്നോടിയായി ചെങ്കോട്ട പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ വിദ്യാർഥികളുടെ മാര്‍ച്ചിന് മുന്നോടിയായി ഡൽഹിയിലെ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു.
ജാമിയ വിദ്യാര്‍ഥികള്‍ മെട്രോ മാര്‍ഗം ചെങ്കോട്ട പരിസരത്തേക്ക് എത്താനായിരുന്നു തീരുമാനം. ഇതിന് മുന്നോടിയായാണ് 14 മെട്രോ സ്റ്റേഷനുകള്‍ അടക്കാൻ പോലീസ് തീരുമാനിച്ചത്. കൂടാതെ, നിരവധി അദ്ധ്യാപക സംഘടനകളും മാര്‍ച്ചിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മാര്‍ച്ചിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. 11 മണിക്ക് ചെങ്കോട്ടയിൽ എത്തിച്ചേരാൻ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
അതേസമയം, പൗരത്വ ഭേദഗത ബില്ലിനെതിരെ (Citizenship Amendment Act) പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയില്‍ ഡല്‍ഹി പോലീസ്.
വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ക്രിമിനൽ പ്രതിച്ഛായയുള്ള ആളുകളെ നിരീക്ഷിക്കുകയുമാണ് ഡല്‍ഹി പോലീസ്. കൂടാതെ,, പ്രശ്നബാധിത മേഖലകളില്‍ വീഡിയോഗ്രാഫി, ഡ്രോണുകൾ എന്നിവ വഴി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, രഹസ്യാന്വേഷണ ഏജൻസി ഈ പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ജാഗ്രത പാലിക്കാൻ ഡല്‍ഹി പോലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സീലംപുരിലാണ് റോഡിലിറങ്ങിയ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധക്കാര്‍ ഒരു പോലീസ് ബൂത്തിന് തീയിടുകയും ട്രാഫിക് പോലീസിന്റെ ഇരുചക്ര വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ കടന്നുപോയ വഴികളില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും ബസുകളും തകര്‍ത്തു. ഡല്‍ഹി ദരിയാഗഞ്ചിലും പ്രതിഷേധം നടന്നതോടെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.
Also read: Citizenship Amendment Act പ്രതിഷേധ൦: ഡല്‍ഹി കടുത്ത നിരീക്ഷണത്തില്‍
അതേസമയം, പ്രശ്നസാധ്യത കണക്കിലെടുത്ത് സര്‍വകലാശാലകള്‍ അടച്ചിട്ട് പ്രക്ഷോഭങ്ങള്‍ക്ക് അറുതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. പരിഷ്കൃത സമൂഹത്തില്‍ ഒരുതരത്തിലുള്ള അക്രമവും അംഗീകരിക്കാനാകില്ല. അഭിപ്രായങ്ങള്‍ സമാധാനപരമായി രേഖപ്പെടുത്തണമെന്നു കേജരിവാള്‍ അഭ്യര്‍ഥിച്ചു.