കുറഞ്ഞത്‌ 50 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്...!!

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യത്തിന്‍റെ അടിത്തറ ഇളകും വിധം പുതിയ വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ബിജെപി നേതാവ്.

Updated: Jul 29, 2019, 05:09 PM IST
കുറഞ്ഞത്‌ 50 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്...!!

മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യത്തിന്‍റെ അടിത്തറ ഇളകും വിധം പുതിയ വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ബിജെപി നേതാവ്.

കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും 50ഓളം എംഎല്‍എമാര്‍ ബിജെപിയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ ബിജെപിയില്‍ എത്തുമെന്നുമാണ് മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രിയുമായ ഗിരീഷ് മഹാജന്‍റെ വെളിപ്പെടുത്തല്‍!!

കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും 50 എംഎല്‍എമാര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണ്. എന്‍സിപി മുംബൈ അദ്ധ്യക്ഷനും മുന്‍ മന്ത്രിയുമായ സച്ചിന്‍ അഹിര്‍ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത് ഇതിന്‍റെ പ്രത്യക്ഷ തെളിവാണ്, അദ്ദേഹം പറഞ്ഞു. 
 
'എന്‍സിപിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗ് പാര്‍ട്ടി ഉപേക്ഷിച്ചു. അവര്‍ മാസങ്ങള്‍ക്ക് മുന്‍പുതന്നെ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്‍സിപിയില്‍ ഇനി ഭാവിയില്ലെന്ന് പറഞ്ഞാണ് ചിത്ര വാഗ് ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്‌. എന്‍സിപി എംഎല്‍എ വൈഭവ് പിച്ചതും ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. എന്‍സിപിയുടെ അവസ്ഥയും സമാനമാണ്', ഗിരീഷ് മഹാജന്‍ പറഞ്ഞു.
  
അതേസമയം, കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍നിന്നും നേതാക്കളുടെ വന്‍ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്‌ വിട്ട് ശിവ സേനയില്‍ ചേര്‍ന്നത്‌. ഇരു പാര്‍ട്ടികളിലുമുള്ള സഖ്യത്തെ എതിര്‍ക്കുന്ന നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലാണ് എന്നത് വാസ്തവം. 

2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 122 സീറ്റാണ് ലഭിച്ചത്. ശിവസേനയ്ക്ക് 63 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് 42 സീറ്റും എന്‍സിപിയ്ക്ക് 41 സീറ്റുംകൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നിരുന്നു. മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റാണ് ഉള്ളത്.