അയോധ്യ വിധി എന്തായാലും രാജ്യത്ത് സമധാനം ഉറപ്പ് വരുത്താൻ ആർഎസ്എസ്

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും സാമുദായിക സൗഹൃദം നിലനിർത്തുന്നതിന് മുൻ കൈ എടുക്കാന്‍ ആർഎസ്എസ് നേതൃയോഗത്തിൽ ധാരണയായി.

Last Updated : Nov 2, 2019, 03:21 PM IST
അയോധ്യ വിധി എന്തായാലും രാജ്യത്ത് സമധാനം ഉറപ്പ് വരുത്താൻ ആർഎസ്എസ്

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും സാമുദായിക സൗഹൃദം നിലനിർത്തുന്നതിന് മുൻ കൈ എടുക്കാന്‍ ആർഎസ്എസ് നേതൃയോഗത്തിൽ ധാരണയായി.

കഴിഞ്ഞ 3 ദിവസമായി ഡല്‍ഹിയില്‍ ചേർന്ന ആർഎസ്എസ്  ഉന്നതതല നേതൃയോഗത്തിന്‍റെ പ്രധാന അജണ്ട രാമജൻഭുമി കേസിന്‍റെ സുപ്രീംകോടതി വിധി ആയിരുന്നു. വിധി അനുകൂലമായാലും പ്രതികൂലമായാലും രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നാണ് ആർഎസ്എസ്  കൈക്കൊണ്ടിരിക്കുന്ന തീരുമാനം. കൂടാതെ, പ്രകോപനപരമായ പ്രകടനങ്ങൾ, പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിന് സംഘടന പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

വിധി എന്തായാലും പ്രതികരിക്കാന്‍ അതിന്‍റേതായ മാര്‍ഗ്ഗങ്ങളുണ്ട്. ദീപം തെളിയിച്ചും ക്ഷേത്ര ദർശനം നടത്തിയും വിധിയോട് പ്രതികരിക്കണമെന്നാണ് ആർഎസ്എസ് ആഹ്വാനം. സാമുദായിക സൗഹൃദം തകർക്കുന്നതിനുള്ള യാതൊരു നീക്കവും അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കുന്നു. കൂടാതെ, പ്രചാരകൻമാരെല്ലാം പ്രവർത്തന കേന്ദ്രങ്ങളിൽ തന്നെ നിൽക്കണമെന്നും പ്രവർത്തകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകണമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതേസമയം, അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ 16ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്. 

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുണ്ടായിരുന്നത്. 

നിശ്ചിത സമയത്തിനകം വാദം പൂര്‍ത്തിയാക്കാന്‍ അധിക സമയം വാദം കേട്ടിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂർ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേൾക്കല്‍ തുടര്‍ന്നിരുന്നു.

നിലവിലെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ന​വം​ബ​ര്‍ 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യ ഭൂമി തര്‍ക്ക കേസിൽ വി​ധി​ പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷ. 

ജ​സ്റ്റീ​സ് ഇ​ബ്രാ​ഹീം ഖ​ലീ​ഫു​ല്ലയുടെ അദ്ധ്യക്ഷതയിലുള്ള മ​ധ്യ​സ്ഥ സ​മി​തി​യു​ടെ നീ​ക്കം പ​രാ​ജ​യ​മാ​ണെ​ന്നു കണ്ടാണ്‌ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ല്‍ കേ​സി​ല്‍ അ​ന്തി​മ വാ​ദം കേള്‍ക്കല്‍  ആരംഭിച്ചത്.

2.77 ഏക്കർ തർക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന അപ്പീലുകളിലാണ് സുപ്രീംകോടതി വാദം കേട്ടത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവര്‍ക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. 

Trending News