ന്യൂഡല്‍ഹി: അയോധ്യ തർക്കത്തിൽ അവസാന വാക്ക് സുപ്രീം കോടതിയുടേതാണെന്ന് ഉത്തർ പ്രദേശ് ഗവർണർ റാം നായിക്ക്. അയോധ്യ തർക്കത്തിന് കോടതിക്ക് പുറത്ത് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ജീവനകല ആചാര്യൻ ശ്രീ ശ്രീ രവി ശങ്കറും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള കൂടികാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ കേസിൽ ഇരു കൂട്ടരും ചർച്ച ചെയത് ഒരു പരിഹാരത്തില്‍ എത്തുകയാണ് വേണ്ടത്. ഇതിനു ശ്രമിക്കുന്നവർ വിജയിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. എങ്കിലും അവസാന തീരുമാനം സുപ്രീം കോടതിക്കാണെന്നും എല്ലാവരും അതിനെ അംഗീകരിക്കണമെന്നും റാം നായിക്ക് അഭിപ്രായപ്പെട്ടു.
അതേസമയം, തര്‍ക്കം പരിഹരിക്കാൻ നടക്കുന്ന എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും അദ്ദേഹം അഭിന്ദിച്ചു. രാഷ്രട്രീയമായി ഇതിനോട് പ്രതികരിക്കാന്‍ തന്റെ സ്ഥാനം അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ബി.ജെ.പി നേതൃത്വം. സുപ്രീം കോടതിയിലെ കേസ് തീർപ്പായതിനു ശേഷമേ പുറത്തു നിന്നുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ആവശ്യമുള്ളൂയെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. അയോധ്യ പ്രശ്നം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണമെന്ന ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നടപടി ക്രമങ്ങൾ സുപ്രീം കോടതിയിൽ ഏതാണ്ട് പൂർണമായ അവസ്ഥയിലാണുള്ളത്. അന്തിമ തീരുമാനമെടുക്കൽ കോടതിക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.