പാറ്റ്ന: ബീഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാവുന്നു. നിലവിലെ സൂചനകള്‍ അനുസരിച്ച് ബീഹാറില്‍ എന്‍ഡിഎ സഖ്യം അന്യോന്യം അത്ര രസത്തിലല്ല.
കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയുടെ ആരോപണം ഇതാണ് തെളിയിക്കുന്നത്. ആര്‍എല്‍എസ്പിയുടെ എംഎല്‍എ മാരെ ചാക്കിട്ടുപിടിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു) അദ്ധ്യക്ഷനുമായ നിതീഷ് കുമാര്‍ ശ്രമം നടത്തുന്നതായാണ് കുശ്‌വാഹ ആരോപിക്കുന്നത്.
'നിതീഷ് കുമാർ ലോക് സമതാ പാര്‍ട്ടിയെയും ഉപേന്ദ്ര കുശ്‌വാഹയേയും ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ എനിക്കോ എന്‍റെ പാര്‍ട്ടിയ്ക്കോ ഒരു ക്ഷതവും വരുത്തുവാന്‍ നിതീഷ് കുമാറിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം എന്‍ഡിഎയുടെ ഭാഗമായിരിക്കുന്നതുപോലെ തന്നെയാണ് ആര്‍എല്‍എസ്പിയും എന്‍ഡിഎയുടെ ഭാഗമായിരിക്കുന്നത്. അദ്ദേഹം ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ലായിരുന്നു', ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞു.
തിങ്കളാഴ്ച ലോക് താന്ത്രിക് ജനതാദള്‍ നേതാവും മുന്‍ എൻഡിഎ കൺവീനറുമായ ശരദ് യാദവുമായി ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്‌വാഹ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുശ്‌വാഹയുടെ ഈ പ്രസ്താവന.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയെ തീര്‍ത്തും അനൗപചാരികം എന്ന് വിശേഷിപ്പിച്ച കുശ്‌വാഹ, ഇരു നേതാക്കളും ബീഹാറിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയതായി സൂചിപ്പിച്ചു.
ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പിയും രാം വിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും ബീഹാറില്‍ എന്‍ഡിഎ നല്‍കിയിരിക്കുന്ന സീറ്റു വിഹിതത്തില്‍ സന്തുഷ്ടരല്ല എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് നിതീഷ് കുമാറിനുനേര്‍ക്കുള്ള കുശ്‌വാഹയുടെ ആരോപണം.
അതേസമയം, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുപോലെ 10 സീറ്റ് വേണമെന്നാണ് കുശ്‌വാഹയും പാസ്വാനും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിജെപി നേതൃത്വം നടത്തിയ സീറ്റ് വിഭജനത്തില്‍ 8 സീറ്റ് മാത്രമേ ഇരു പാര്‍ട്ടികള്‍ക്കുമായി ലഭിക്കുകയുള്ളൂ. അവസാനം പുറത്തുവന്ന സീറ്റ് വിഹിതമനുസരിച്ച് ആകെയുള്ള 40 സീറ്റില്‍
16 സീറ്റുകളിൽവീതം ബിജെപിയും ജെഡി(യു)വും മത്സരിക്കും.
ഇതിനിടയില്‍ കുശ്‌വാഹ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയും സന്ദര്‍ശിച്ചിരുന്നു. എങ്കിലും, ഈ സന്ദര്‍ശനത്തെ അദ്ദേഹം വെറും 'യാദൃശ്ചികം' എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായിട്ടില്ല എന്നും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന് അന്തിമരൂപം നൽകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതായും കുശ്‌വാഹ പറഞ്ഞു
മാസങ്ങളായി നടന്നുവരുന്ന സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനം കാണാനാകാതെ ബിജെപി നേതൃത്വവും വലയുകയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ബീഹാര്‍ നിര്‍ണ്ണായകമായ ഒരു സംസ്ഥാനമാണ്. ഒരു തരത്തിലും നിതീഷ് കുമാറിനെ പിണക്കാന്‍ ബിജെപി തയ്യാറല്ല. മുന്നണിയുമായുള്ള ബന്ധ൦ മോശമായാല്‍ കളം മാറ്റി ചവിട്ടുന്ന നിതീഷിനെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ബിജെപി ആവത് ശ്രമിക്കുന്നുണ്ട്.
2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ചെറു പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുമുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം.