കർണാടക: കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലകളിലെ പൊലീസ് അധികാരികളിൽ നിന്ന് രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
കഴിഞ്ഞ മാസം 22നാണ് ആദ്യ കത്തയച്ചത്. പ്രതികരണമില്ലാത്തതിനാൽ ഈ മാസം 2, 19 തീയതികളിൽ ഓർമ്മപ്പെടുത്തൽ കത്തുകളുമയച്ചു. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന മുന്നറിയിപ്പോടെ ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന ഭീഷണി കാരണം കാരണം റിപ്പോർട്ട് സമർപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.
സംഘ പരിവാർ നൽകിയ പട്ടികയനുസരിച്ച് അതത് സാഹചര്യങ്ങളിൽ ചുമത്തിയ കേസുകളിൽപ്പെട്ടവർ ഏറെയും നിരപരാധികളാണെന്നാണ് സര്‍ക്കാര്‍ നിഗമനം.
സിദ്ധാരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഹിന്ദുവിരുദ്ധ-ന്യൂനപക്ഷ പ്രീണന നിലപാട് സ്വീകരിക്കുന്നുവെന്ന് സംസ്ഥാന ബി.ജെ.പി ഘടകം ആരോപിച്ചു. അതേസമയം, ഉത്തർപ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 20,000 പാർട്ടി പ്രവർത്തകർക്കെതിരെയുളള കേസുകൾ പിൻവലിച്ചതിനാൽ ചോദ്യങ്ങൾ ചോദിക്കാൻ ബി.ജെ.പി.ക്ക് ധാർമ്മിക അവകാശമില്ല എന്ന് സര്‍ക്കാര്‍ തിരിച്ചടിച്ചു.
2015ൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയുള്ള 175 കേസുകൾ പിൻവലിച്ചത് വിവാദമായിരുന്നു.