മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല!!

മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല എന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി.

Last Updated : Nov 10, 2019, 07:04 PM IST
മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല!!

മുംബൈ: മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല എന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി.

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് നടന്ന കോര്‍ കമ്മിറ്റി യോഗമാണ് ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. പാര്‍ട്ടിയുടെ തീരുമാനം മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ അറിയിച്ചു.

ബിജെപിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാൻ സാധിക്കില്ലയെന്നും രൂപീകരിച്ചാല്‍തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല എന്നും ബിജെപി ഗവര്‍ണറെ അറിയിച്ചു. ശിവസേനയുമായി ചേർന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാൽ ഇപ്പോൾ സർക്കാർ രൂപീകരിക്കുന്നതിന് ചില തടസ്സങ്ങള്‍ നേരിടുകയാണെന്നും തീരുമാനം പാര്‍ട്ടി കോര്‍ കമ്മിറ്റിയുടേതാണെന്നും പാര്‍ട്ടി അറിയിച്ചു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJPയെ സര്‍ക്കാരുണ്ടാക്കാന്‍ ശനിയാഴ്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി ശനിയാഴ്ചയാണ് ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും BJP  നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ചത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരിച്ച്, തിങ്കളാഴ്ച രാത്രി എട്ടുമണിയ്ക്കകം ഭൂരിപക്ഷം തെളിയിക്കുക എന്നതായിരുന്നു ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം. 

ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ BJPയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കുക നിലവില്‍ ദുഷ്കരമാണ്. അതിനാലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നും BJP പിന്മാറിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്കനുസരിച്ചു എല്ലാ കാര്യത്തിലും 50:50 ഫോര്‍മുല പ്രാവര്‍ത്തികമാക്കണമെന്ന നിബന്ധനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് ശിവസേന. അതില്‍ 2.5 വര്‍ഷം വീതം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുമെന്ന വാഗ്ദാനവുമുണ്ട്. എന്നാല്‍, BJPയാകട്ടെ അത്തരമൊരു "വാക്ക്" ശിവസേനയ്ക്ക് നല്‍കിയതായി ഓര്‍മ്മിക്കുന്നുമില്ല.
 കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ആയിരിക്കുമെന്ന് BJP  പ്രസ്താവിക്കുകയും ചെയ്തു.

അതേസമയം, BJPയ്ക്കു തനിച്ചു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വമ്പന്‍ അവകാശവാദവുമായി ശിവസേന രംഗത്തിറങ്ങിയത് എന്നും വിലയിരുത്തപ്പെടുന്നു.

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള BJPയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56, NCP  54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണു കക്ഷിനില. 

Trending News