സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ Vs ദിഗ് വിജയ് സിംഗ്; ഭോപ്പാലിൽ അങ്കത്തിന് കളമൊരുങ്ങി....

ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നടക്കുക. 1989 മുതല്‍ ബിജെപിയെ കൈവിടാത്ത മണ്ഡലമാണ് ഭോപ്പാല്‍. 

Last Updated : Apr 17, 2019, 05:41 PM IST
 സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ Vs  ദിഗ് വിജയ് സിംഗ്; ഭോപ്പാലിൽ അങ്കത്തിന് കളമൊരുങ്ങി....

ഭോപ്പാല്‍: ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നടക്കുക. 1989 മുതല്‍ ബിജെപിയെ കൈവിടാത്ത മണ്ഡലമാണ് ഭോപ്പാല്‍. 

ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതി പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഭോപ്പാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി മറ്റാരുമല്ല ഇന്ന് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്ന സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ തന്നെ!!

ഭോപ്പാലില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അതിന് കാരണവുമുണ്ട്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ വളരെ മുന്‍പേ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് ആണ് ഭോപ്പാലില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. 

സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആവേശത്തിലാണ്. തിരഞ്ഞെടുപ്പിന് താന്‍ തയ്യാറാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു. ദിഗ് വിജയ് സിംഗിനെതിരെ ഒന്നിച്ച് പോരാടുമെന്നും ദേശീയവിരുദ്ധ ശക്തികളെ തുരത്തുമെന്നും അവര്‍ പറഞ്ഞു. 

1989ന് ശേഷം കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം തിരികെപിടിക്കാനാണ് ദിഗ് വിജയ് സിംഗ് കളത്തിലിറങ്ങിയത്. അതേസമയം, ബിജെപി എതിരാളിക്ക് ചേര്‍ന്ന മറ്റൊരു പോരാളിയെ തിരയുന്ന തിരക്കിലായിരുന്നു. പല പേരുകളും ആലോചിച്ചശേഷമാണ് ഒടുക്കം സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറില്‍ പാര്‍ട്ടി എത്തിചേര്‍ന്നത്‌. ഇടയ്ക്ക് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. 

മധ്യപ്രദേശില്‍ ബിജെപിയുടെ കോട്ടയാണ് ഭോപ്പാല്‍. ഭോപ്പാല്‍ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ്‌, മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഭോപ്പാലില്‍ ദിഗ് വിജയ് സിംഗ് എത്തിയതോടെ കരുത്തനായ സ്ഥാനാര്‍ഥിയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ ഒടുക്കം ചെന്നെത്തിയിരിക്കുന്നത് ഇപ്പോള്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിലാണ്. മുന്‍പേതന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഇത്തരമൊരു തിരിച്ചടി കനത്ത തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് വാസ്തവം തന്നെ!!

ദിഗ് വിജയ് സിംഗിന്‍റെ സ്ഥാനാര്‍ഥിത്വം തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സംസ്ഥാനത്തെ ബിജെപി ഘടകത്തിന്‍റെ നിലപാട്. പാര്‍ട്ടിക്കുള്ളിലെ കലാപം മൂലമാണ് ദിഗ് വിജയ് സിംഗ് ഭോപ്പാലില്‍ മത്സരിക്കാനൊരുങ്ങുന്നതെന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി ആരോപിച്ചിരുന്നു. 

എന്നാല്‍ മണ്ഡലത്തില്‍ ആശങ്കയ്ക്ക് വകയുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. കാരണം, ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തിലെ 8 നിയമസഭ മണ്ഡലങ്ങളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് കഴിഞ്ഞ തവണ വിജയിച്ചിരുന്നു എന്നത് തന്നെ. 

2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. 7 പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്ഫോടനത്തെ വിശേഷിപ്പിച്ചത്. സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. 

എന്നാല്‍, അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല, അവരെ ഇത്രയും കാലം വേട്ടയാടുകയായിരുന്നു, അവര്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് ഭോപ്പാല്‍ ബിജെപി എംപി അലോക് സഞ്ജാര്‍ പറഞ്ഞു.

 

Trending News