'അവരെ ബലിയാടുകളാക്കി...!! തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരായ FIR റദ്ദാക്കി

ന്യൂഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ​ ജമാഅത്ത്​ സമ്മേളനത്തിൽ പങ്കെടുത്ത 29 വിദേശികൾക്കെതിരെ ​കേസെടുത്ത പോലീസ്​ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി  ബോംബൈ ഹൈക്കോടതി...

Last Updated : Aug 22, 2020, 09:02 PM IST
  • തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരായ FIR റദ്ദാക്കി
  • കേസിലെ പ്രതികള്‍ വിസചട്ടങ്ങള്‍ ലംഘിക്കുകയോ രാജ്യത്ത് കോവിഡ് പരത്തുന്നതിന് കാരണക്കാരാവുകയോ ചെയ്തതിന് തെളിവുകളില്ല
  • .
'അവരെ ബലിയാടുകളാക്കി...!!  തബ്‌ലീഗി  ജമാഅത്ത് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരായ  FIR റദ്ദാക്കി

മുംബൈ: ന്യൂഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ​ ജമാഅത്ത്​ സമ്മേളനത്തിൽ പങ്കെടുത്ത 29 വിദേശികൾക്കെതിരെ ​കേസെടുത്ത പോലീസ്​ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി  ബോംബൈ ഹൈക്കോടതി...

 വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച FIR റദ്ദാക്കിയ ഹൈകോടതി സർക്കാറും മാധ്യമങ്ങളും ഇവരെ  വേട്ടയാടുകയായിരുന്നുവെന്ന്​ വിമർശിച്ചു. കൂടാതെ, ഏഴ് ഇന്ത്യക്കാർക്കെതിരെയുള്ള എഫ്.ഐ.ആറും കോടതി റദ്ദാക്കി. വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.

മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും, സാഹചര്യംവെച്ചു നോക്കുമ്പോള്‍ ഇവിടെ വിദേശികളെയാണ്​ ബലിയാടുകൾ ആക്കിയതെന്നും കോടതി വിമർശിച്ചു. കേസിലെ പ്രതികള്‍ വിസചട്ടങ്ങള്‍ ലംഘിക്കുകയോ രാജ്യത്ത് കോവിഡ് പരത്തുന്നതിന് കാരണക്കാരാവുകയോ ചെയ്തതിന് തെളിവുകളൊന്നും തന്നെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  കോടതി   FIR റദ്ദാക്കിയത്. 

വിദേശികള്‍ മതസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും മതപ്രഭാഷണങ്ങളില്‍ പങ്കെടുക്കുന്നത് പോലുള്ള സാധാരണ മതപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിനും യാതൊരു  നിയന്ത്രണവുമില്ലെന്നും കോടതി   നിരീക്ഷിച്ചു. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ നിയമം, മഹാരാഷ്ട്ര പോലീസ് ആക്ട്, ദുരന്ത നിവാരണ നിയമം, ഫോറിനേഴ്‌സ് നിയമം, വിസ ചട്ട ലംഘനം എന്നിവയിലെ പല വകുപ്പുകളും ചുമത്തിയാണ് 29 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇറാൻ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു  ഇവർ. 

ഇന്ത്യൻ സർക്കാർ നൽകിയ സാധുവായ വിസയിലൂടെയാണ് തങ്ങൾ ഇന്ത്യയിലെത്തിയതെന്ന് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യം, ആതിഥ്യ മര്യാദ, ഇന്ത്യൻ ഭക്ഷണം എന്നിവ അനുഭവിച്ചറിയാനാണ് തങ്ങൾ വന്നത്. നടപടിക്രമങ്ങൾക്കനുസൃതമായി വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. താമസം സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാനാണ് അല്ലാതെ, മതം പ്രചരിപ്പിക്കാനല്ല വന്നതെന്നും അവർ കോടതിയെ  അറിയിച്ചു.

ജസ്​റ്റിസ്​ ടി.വി. നൽവാഡെ, ജസ്​റ്റിസ്​ എം.ജി. സീവ്​ലിക്കർ എന്നിവരടങ്ങിയ ഔറംഗാബാദ്​ ബെഞ്ചാണ്​ ഹര്‍ജികള്‍   പരിഗണിച്ചത്​.  മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന വിവിധ മതവിശ്വാസികളോട് വ്യത്യസ്ത സമീപനം സര്‍ക്കാര്‍ പുലര്‍ത്താന്‍ പാടില്ല. മതപരവും സാമൂഹ്യപരവുമായ സഹിഷ്ണുത ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യാവശ്യമാണ്. ഇത് ഭരണഘടന ശഠിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

Trending News