സിബിഐ ആഭ്യന്തര കലഹം: 10 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

മറനീക്കി പുറത്തുവന്ന സിബിഐ ആഭ്യന്തര കലഹം അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ ചുമതലപ്പെടുത്തി സുപ്രീംകോടതി. 

Last Updated : Oct 26, 2018, 12:10 PM IST
സിബിഐ ആഭ്യന്തര കലഹം: 10 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മറനീക്കി പുറത്തുവന്ന സിബിഐ ആഭ്യന്തര കലഹം അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ ചുമതലപ്പെടുത്തി സുപ്രീംകോടതി. 

സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി  അന്വേഷണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. 

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായികിനാണ് മേല്‍നോട്ട ചുമതല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. കൂടാതെ, ഈ മാസം 23 മുതലുള്ള സിബിഐയിലെ സ്ഥലംമാറ്റ വിവരങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

അതേസമയം, നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് സിബിഐയുടെ താത്കാലിക ചുമതലയുള്ള  നാഗേശ്വര റാവുവിന് വിലക്കേര്‍പ്പെടുത്തി. കൂടാതെ, നയപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മേല്‍നോട്ടം വഹിച്ചാല്‍ മതിയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

അഡ്വ. ഫാരി എസ് നരിമാന്‍ ആണ് അലോക് വര്‍മ്മയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അസ്താനയും ഹര്‍ജി നല്‍കി. രാകേഷ് അസ്താനയുടെ ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ദീപാവലി അവധി കഴിഞ്ഞ് നടപടികളെടുക്കാം എന്ന് കേന്ദ്ര പേഴ്സണല്‍ കാര്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടപ്പോള്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് അവധി ബാധകല്ലെന്ന മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്. രാജ്യതാത്പര്യം സംരക്ഷിക്കേണ്ട കേസാണ് ഇതെന്നും സിബിഐയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. 

സിബിഐ മേധാവി അലോക് വര്‍മ്മയും ജോയിന്‍റ് ഡയറക്ടര്‍ രാകേഷ് അസ്താനയും നല്‍കിയ പരാതികളിലും സിബിഐയിലെ മറ്റു പ്രശ്നങ്ങളെക്കുറിച്ചും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. 

സിബിഐ ആഭ്യന്തര കലഹം അന്വേഷിക്കാന്‍  സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായികിനെ ചുമതലപ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

 

 

 

Trending News