കേന്ദ്രസര്‍ക്കാരിന് മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം, ശരദ് പവാര്‍

ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്‌.

Last Updated : Jan 25, 2020, 07:44 PM IST
  • മുഖം മൂടികള്‍ അഴിഞ്ഞുവീഴുമെന്ന ഭയം കൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന BJP സര്‍ക്കാര്‍ ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ടതെന്ന് NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍
  • അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് നക്‌സലിസമല്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്രസര്‍ക്കാരിന് മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം, ശരദ് പവാര്‍

മുംബൈ: ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്‌.

മുഖം മൂടികള്‍ അഴിഞ്ഞുവീഴുമെന്ന ഭയം കൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന BJP  സര്‍ക്കാര്‍ ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ടതെന്ന് NCP അദ്ധ്യക്ഷന്‍ ശരദ് പവാര് പറഞ്ഞു‍. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് നക്‌സലിസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

‘കേസിന് പിന്നിലെ വസ്തുതകള്‍ വെളിപ്പെടുമെന്ന ഭയം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് അവര്‍ കേസ് അന്വേഷണം NIAയ്ക്ക് കൈമാറിയത്’,  ശരദ് പവാര്‍ പറഞ്ഞു.

ഭീമ കൊറേഗാവ് സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

‘ഭീമ കൊറേഗാവ് കേസില്‍ തെറ്റായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ട് പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഞാന്‍ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോട് ആവശ്യപ്പെടുകയാണ്’, പവാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്ന ഏതൊരാളും അര്‍ബന്‍ നക്‌സലായി ചിത്രീകരിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കെതിരെയും സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതും അന്വേഷണം NIA  ഏറ്റെടുക്കുന്നതും.

കേസിന്‍റെ നില വിലയിരുത്തുന്നതിന് വെള്ളിയാഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അവലോകനയോഗവും വിളിച്ചിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍  യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.  എന്നാല്‍, ഇപ്പോള്‍ കേസിന്‍റെ ഗതി മറ്റൊന്നാവുമെന്നാണ് സ്ഥിഗതികള്‍ സൂചിപ്പിക്കുന്നത്.

 

Trending News