സൈനികരുടെ ത്യാഗം ബിജെപി വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നു: കോണ്‍ഗ്രസ്

ബിജെപി സൈനികരുടെ ത്യാഗം വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്.

Updated: Jun 28, 2018, 02:15 PM IST
സൈനികരുടെ ത്യാഗം ബിജെപി വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി സൈനികരുടെ ത്യാഗം വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്.

ഇന്ത്യൻ സൈന്യം 2016 സെപ്​തംബര്‍ 28, 29 തിയതികളില്‍ പാക്​ അധീന കശ്​മീരിൽ നടത്തിയ മിന്നലാക്രമണത്തിന്‍റെ വീഡിയോ സർക്കാർ പുറത്തു വിട്ടതിന് പിന്നാലെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തി. 

പാക്​ അധീന കശ്​മീരിലെ തീവ്രവാദി കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ബിജെപി രാഷ്​ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രണ്‍ദീപ് സുർജെവാല  ആരോപിച്ചു. ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ കാലത്ത്​ രാഷ്​ട്രീയ നേട്ടത്തിനായി ബി.ജെ.പി സൈന്യം നടത്തിയ മിന്നലാക്രമണത്തെ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ‘ജയ്​ ജവാൻ, ജയ്​ കിസാൻ’ എന്ന മുദ്രാവാക്യത്തെ നശിപ്പിച്ചു. കൂടാതെ സൈനിക രക്​തം കൊണ്ട്​ ബിജെപി നേട്ടം കൊയ്യുകയാണെന്നും കോൺഗ്രസ്​ വക്​താവ്​ ആരോപിച്ചു.

മോദിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ സർക്കാരിനെപ്പോലെ അടൽ ബിഹാരി വാജ്​പേയിയോ മൻമോഹൻ സിംഗോ അവരുടെ കാലത്തെ സൈനിക വിജയങ്ങളെ ഇത്തരത്തിൽ ഉയർത്തിക്കാണിച്ചിരുന്നോ എന്നാണ്​ രാജ്യത്തിന്​ ഇവരോട്​ ചോദിക്കാനുള്ളത് എന്നദ്ദേഹം പറഞ്ഞു. കൂടാതെ ഭരണ കക്ഷികൾ സൈനികരുടെ ത്യാഗത്തെ വോട്ടുനേടാനുള്ള ഉപകരണമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ സൈന്യം മിന്നലാക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ദേശീയ ചാനലുകളെല്ലാംതന്നെ സംപ്രഷണം ചെയ്തിരുന്നു. 

എന്നാല്‍ ഇതാദ്യമായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ യഥാര്‍ത്ഥ വീഡിയോകള്‍ പുറത്തു വരുന്നത്. ഭീകരരെ ഇന്ത്യന്‍ സൈന്യം വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം. അതേസമയം, ഇത് ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചതാണോ അല്ലയോ എന്ന് സ്ഥിരീകരണമില്ല. ചില ദേശീയ മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ആക്രമണത്തിൽ പങ്കെടുത്ത കമാൻഡോകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ്​ ഇതിലുള്ളത്​. അഞ്ചു മണിക്കൂ​റോളം നീണ്ട ആക്രമണത്തിൽ ഏഴ്​ തീവ്രവാദ കേന്ദ്രങ്ങൾ സൈന്യം തകർത്തിരുന്നു. രണ്ടു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന വീഡിയോ പുറത്തുവരുന്നത്.