ന്യൂഡല്‍ഹി: സിബിഐ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്ക് മുമ്പിലും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Delhi: Congress President Rahul Gandhi inside Lodhi Colony Police Station after being reportedly detained during #CBI protests. pic.twitter.com/l3hDq10Wv4
— ANI (@ANI) October 26, 2018
സിബിഐയ്ക്കെതിരെ സിബിഐ നടത്തുന്ന ഉൾപ്പോരിനും, സിബിഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയതിനുമെതിരെയായിരുന്നു സിബിഐ ആസ്ഥാനത്തേയ്ക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. ലോധി റോഡ് സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ്, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു.
നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി റാലിയിൽ അണിനിരന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, പ്രമോദ് തിവാരി, അശോക് ഗെഹ്‍ലോട്ട് എന്നിവരും റാലിയിൽ രാഹുലിനെ അനുഗമിച്ചു. തൃണമൂൽ കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും നേതാക്കൾ റാലിയിലുണ്ടായിരുന്നു.
റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍ നിന്ന് നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സിബിഐയിലെ ചേരിപ്പോരിനെതിരെ രൂക്ഷമായ ആക്രമണമാണ് രാഹുൽഗാന്ധി നടത്തിയത്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിക്കുകയാണെന്ന് പറഞ്ഞ രാഹുൽ രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനായി മാറിയെന്നും ആരോപിച്ചു.
കേരളമുൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മാർച്ച് ഉദ്ഘാടനം ചെയ്തു.