ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു; പ്രതിഷേധിച്ച ജഡ്ജിമാര്‍ പടിക്ക് പുറത്ത്

വിവാദങ്ങള്‍ക്കിടെ സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ നാല് മുതിര്‍ന്ന ജ‍ഡ്ജിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന. 

Last Updated : Jan 15, 2018, 07:23 PM IST
ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു; പ്രതിഷേധിച്ച ജഡ്ജിമാര്‍ പടിക്ക് പുറത്ത്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ നാല് മുതിര്‍ന്ന ജ‍ഡ്ജിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാനൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍  എന്നീ ജഡ്ജിമാരാണ് പുതിയ ബെഞ്ചിലെ അംഗങ്ങള്‍.

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് അറ്റോര്‍ണി ജനറിലിന്‍റെ പ്രസ്താവനയ്ക്ക് ശേഷമാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ പട്ടിക പുറത്തു വരുന്നത്. യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോ എന്ന സംശയം പുതിയ പട്ടിക ഉയര്‍ത്തുന്നു.  

ആധാര്‍, ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗ രതി കുറ്റകരമാക്കിയത് പുന:പരിശോധിക്കല്‍ തുടങ്ങിയ സുപ്രധാന കേസുകള്‍ പരിഗണിക്കുക പുനഃസംഘടിക്കപ്പെട്ട ഈ ഭരണഘടനാ ബെഞ്ചാണ്. ജനുവരി 17 മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. 

സുപ്രധാന കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കുന്നു എന്ന ആരോപണമാണ്  ജസ്റ്റിസ് ചെമലേശ്വറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ഇക്കാര്യം പല തവണ ചീഫ് ജസ്റ്റിസിന്‍റെ മുന്നില്‍ നിരവധി തവണ ഉന്നയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും പ്രതിഷേധിച്ച ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Trending News