ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടു. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ മിക്കടിയടത്തും വെള്ളക്കെട്ടനുഭവപ്പെട്ടു. ചെന്നൈയിൽ നൂറിലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. ഇന്ന് ചെന്നൈ വിമാനത്താവളം തുറക്കില്ല. നാളെ പുലർച്ചെ 4 വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിലും വെള്ളക്കെട്ടിലും റോഡ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.
അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ഏത് ഗുരുതര സാഹചര്യത്തെയും നേരിടാൻ സർക്കാർ തയാറാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.