ദളിത് സഹോദരങ്ങള്‍ക്കെതിരെ ആൾക്കൂട്ട ആക്രമണം; സംസ്ഥാനം ഭരിക്കുന്നത്‌ ആരെന്ന് BJP ...!

രാജസ്ഥാനില്‍ ദളിത് സഹോദരങ്ങളെ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിച്ചതായി റിപ്പോര്‍ട്ട്.

Last Updated : Feb 20, 2020, 10:52 PM IST
ദളിത് സഹോദരങ്ങള്‍ക്കെതിരെ ആൾക്കൂട്ട ആക്രമണം; സംസ്ഥാനം ഭരിക്കുന്നത്‌ ആരെന്ന് BJP ...!

ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് സഹോദരങ്ങളെ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിച്ചതായി റിപ്പോര്‍ട്ട്.

മോഷണകുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരത. യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്തു. 24കാരനായ ദലിത് യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ നിന്നാണ് പമ്പിലെ ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച്‌ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്.

ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കെട്ടിയിട്ട് വിവസ്ത്രരാക്കി സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച്‌ ക്രൂരമായി ഉപദ്രവിക്കുന്നതും ജനനേന്ദ്രിയങ്ങളിലടക്കം പെട്രോള്‍ ഒഴിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. പത്തോളം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ദളിത് യുവാക്കള്‍ക്കുനേരെ രാജസ്ഥാനില്‍ നടന്ന അതിക്രമം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാരിനോട് അടിയന്തര നടപടി സ്വീകരിക്കാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

എന്നാല്‍, രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് BJP രംഗത്തെത്തി. രാജസ്ഥാനില്‍ ഭരണം നടത്തുന്നത് ആരാണെന്ന് ഓര്‍മ്മിപ്പിച്ച്‌ കൊണ്ടാണ് ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശനം നയിച്ചത്. രാജസ്ഥാനില്‍ ദളിതുകള്‍ക്കും, സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ കുതിക്കുകയാണെന്നും മാളവ്യ അവകാശപ്പെട്ടു.
 
കോണ്‍ഗ്രസാണ് രാജസ്ഥാനില്‍ അധികാരത്തിലുള്ളതെന്ന് അമിത് മാളവ്യ രാഹുലിന് മറുപടി നല്‍കി. 'സംസ്ഥാന സര്‍ക്കാര്‍? മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര മന്ത്രി, അദ്ദേഹത്തിന്റെ പേര് അശോക് ഘെലോട്ട് എന്നാണ്. സംസ്ഥാനത്ത് ദളിതുകള്‍ക്ക് എതിരെ നടന്ന ക്രൂരതയുടെ ഉത്തരവാദികള്‍ ആരെന്ന് താങ്കള്‍ക്ക് അറിയില്ലെന്നുണ്ടോ?', മാളവ്യ ചോദിച്ചു.

അതേസമയം, ബുധനാഴ്ച മര്‍ദ്ദനമേറ്റ യുവാക്കള്‍ പോലീസിനെ സമീപിച്ചു. മര്‍ദ്ദനമേറ്റവരുടെ പരാതിയെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജ്പാല്‍ സിംഗ് വ്യക്തമാക്കി.

Trending News