അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: 2 ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്നലെ അര്‍ദ്ധരാത്രിയോടെ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 2 ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 

Last Updated : Jun 3, 2018, 10:48 AM IST
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: 2 ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്നലെ അര്‍ദ്ധരാത്രിയോടെ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 2 ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 

അഖ്‌നൂര്‍ സെക്ടറില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോട് കൂടിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ വിജയ്‌ കുമാറും എഎസ്ഐ സത്യ നാരായണ്‍ യാദവുമാണ് കൊല്ലപ്പെട്ടത്. 

കൂടാതെ പാക് റെയ്ഞ്ചിന്‍റെ ഷെല്ലാക്രമണത്തില്‍ 3 തദ്ദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ശനിയാഴ്ച ശ്രീനഗറില്‍ മൂന്ന് ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ചിംഗ്രാല്‍ മോഹല്ലയിലെ സിആര്‍പിഎഫ് 82 ബറ്റാലിയനിലാണ് ആദ്യത്തെ ആക്രമണം നടന്നത്. മൂന്ന് സിആര്‍പിഎഫുകാര്‍ക്കും ഒരു സാധാരണക്കാരനും ഈ ആക്രമണത്തില്‍ പരിക്കേറ്റു. രണ്ടാമത്തെ ആക്രമണം ശ്രീനഗറിലെ ബാദ്ഷാ ബ്രിഡ്ജിലാണ് നടന്നത്. എ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. മഗര്‍മാല്‍ ബാഗ് പ്രദേശത്താണ് മൂന്നാമത്തെ ആക്രമണം നടന്നത്. 

പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആക്രമണം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 

2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പുതുക്കി ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ഡിജിഎംഒയുടെ ഡയറക്ടര്‍ ജനറല്‍മാര്‍ ഒപ്പുവെച്ച്‌ ഒരാഴ്ച മാത്രം കഴിയുന്നതിനിടെയാണ് പ്രകാപനമില്ലാതെ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം ഉണ്ടായത്.

മെയ് 15 മുതല്‍ 23 വരെ പാകിസ്ഥാന്‍റെ ഭാഗത്തു നിന്നുണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് എട്ടുവയസുള്ള കുട്ടിയടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ പാക് വെടിവെയ്പില്‍ 20 സൈനികര്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

യാതൊരു പ്രകോപനവുമില്ലാതെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനു ശക്തമായി മറുപടി നല്‍കുമെന്ന് ബിഎസ്‌എഫ് ഓഫീസര്‍ വ്യക്തമാക്കി. 

 

 

Trending News