വികാസ് ദുബെയുടെ കഥ കഴിഞ്ഞു... ഇനി ഉത്തര്‍ പ്രദേശ് പോലീസ് സേനയുടെ ശുദ്ധീകരണം...?

ഉത്തര്‍ പ്രദേശിലെ കുപ്രസിദ്ധ കുറ്റവാളി വികാസ്  ദുബെ (Vikas Dubey) പോലീസുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 

Last Updated : Jul 10, 2020, 02:41 PM IST
വികാസ് ദുബെയുടെ കഥ കഴിഞ്ഞു... ഇനി ഉത്തര്‍ പ്രദേശ് പോലീസ് സേനയുടെ ശുദ്ധീകരണം...?

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ കുപ്രസിദ്ധ കുറ്റവാളി വികാസ്  ദുബെ (Vikas Dubey) പോലീസുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 

ഉജ്ജയിനില്‍ നിന്നും കാണ്‍പൂരിലേയ്ക്കുള്ള  യാത്രാ മധ്യേ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടം മുതലാക്കി  വികാസ്  ദുബെ രക്ഷപെടാന്‍ ശ്രമിച്ചതാണ്   ഏറ്റുമുട്ടലിന് വഴിതെളിച്ചത്.   ഇതോടെ കൊടും  ക്രൂരതയുടെ സാമ്രാജ്യ അധിപതിയ്ക്ക്  അന്ത്യമായി...!! 

എന്നാല്‍, ഏറ്റുമുട്ടലിലൂടെ വികാസ്  ദുബെ  കൊല്ലപ്പെട്ടുവെങ്കിലും ഉത്തര്‍  പ്രദേശിലെ യോഗി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം  ഇത് ഒന്നാം ഘട്ടം മാത്രമാണ്  എന്നതാണ് വസ്തുത.  ഉത്തര്‍ പ്രദേശില്‍ വികാസ്  ദുബെയുടെ ക്രൂരതയുടെ  സാമ്രാജ്യം നേടിയ വളര്‍ച്ചയ്ക്ക്  പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയാണ്  യോഗി സര്‍ക്കാരിന്‍റെ അടുത്ത നടപടി.

പോലീസ്  പിടിയിലായ വികാസ് ദുബെ നടത്തിയ  വെളിപ്പെടുത്തലുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്.  പോലീസ് ഏറ്റുമുട്ടല്‍ ഭയന്നാണ് വെടിവച്ചതെന്നാണ് വികാസ് ദുബെ പോലീസിനോട് പറഞ്ഞത്. കൂടാതെ, പോലീസ്  റെയ്ഡ്  സംബന്ധിച്ച്  മുന്‍പേ തന്നെ വിവരം ലഭിച്ചി രുന്നതായും ഇയാള്‍ വെളിപ്പടുത്തി. കൂടാതെ, നിരവധി പോലീസ് സ്റ്റേഷനില്‍ നിന്നും ഇയാള്‍ക്ക് പോലീസ് തന്നെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വികാസ് ദുബെ പറഞ്ഞിരുന്നു. 

 റെയ്ഡിനായി എത്തുന്ന പോലീസുകാരെ കൊല്ലാനും പിന്നീട്  മൃതദേഹങ്ങള്‍  കത്തിച്ച് തെളിവ് നശിപ്പിക്കാനും പദ്ധതിയിട്ടിരുന്നതായി  വികാസ് വെളിപ്പടുത്തിയിരുന്നു.  ഇതിനായി  ഡീസലും കരുതിയിരുന്നു. കൂടാതെ,  വിവിധ ഭാഗങ്ങളിലേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിക്കണമെന്ന് അനുയായികളോട് പറഞ്ഞിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.  പോലീസ് നടത്തുന്ന നീക്കങ്ങള്‍ അപ്പപ്പോള്‍  വികാസ്  ദുബെയ്ക്ക് എത്തിച്ചു നല്‍കാന്‍ സേനയില്‍ തന്നെ  തന്‍റെ ചാരന്‍മാര്‍  ഉണ്ടായിരുന്നുവെന്നത്  വികാസ്  ദുബെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

Also read: കൊടും കുറ്റവാളി വികാസ് ദുബെ (Vikas Dubey)യ്ക്കൊപ്പം ക്രൂരതയുടെ പര്യായത്തിന് അന്ത്യം....!!

കൂടാതെ, പുതുതായി ചാര്‍ജ്ജ് എടുത്ത  സിഒ ദേവേന്ദ്ര മിശ്രയെ നിയമിച്ചതു മുതൽ വികാസ് ദുബെയ്ക്ക് നേരെ  ആദ്ദേഹം പിടിമുറുക്കിയിരുന്നു. കൂടാതെ, വികാസ് ദുബെയുടെ  അനധികൃത മദ്യ  വ്യാപാരവും  പഴയ കേസുകളും സംബന്ധിച്ച് അവലോകന൦ നടത്തിയിരുന്നു. ഈ വിവരങ്ങള്‍  സംബന്ധിച്ചും അറിവ് ലഭിച്ചിരുന്നതായി വികാസ് ദുബെ  വെളിപ്പെടുത്തിയിരുന്നു.  സ്.ഒ. വിനയ് തിവാരിയാണ് വിവരം അറിയിച്ചത് എന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.   വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ദേവേന്ദ്ര മിശ്ര അധികാരികൾക്ക് കത്ത്  എഴുതാൻ പോകുകയാണെന്നും അറിഞ്ഞിരുന്നതായി ഇയാള്‍ വെളിപ്പടുത്തി.

എന്നാല്‍, കാണ്‍പൂരില്‍ ഏറ്റുമുട്ടലില്‍ 8 പോലീസുകാര്‍ക്കൊപ്പം  ദേവേന്ദ്ര മിശ്ര  കൊല്ലപ്പെട്ടതോടെ ആ കത്തും  അപ്രത്യക്ഷമായി. 
 സിഒ ദേവേന്ദ്ര മിശ്ര അധികാരികള്‍ക്കായി  എഴുതിയ കത്ത്  പോലീസിന് ഇതുവരെ കണ്ടെടുക്കാനായില്ല.  റെയ്ഡ്  സംബന്ധിച്ച് സൂചന നല്കിയതും, സംഭവം നടക്കുമ്പോള്‍ വൈദ്യുതി ബന്ധം  വിച്ഛേദിച്ചതും എല്ലാം പോലീസിലെ തന്നെ ചാരന്മാരുടെ അറിവോടെയായിരുന്നു.  ഇതെല്ലം ഉത്തര്‍  പ്രദേശ് പോലീസ് സേനയുടെ നേര്‍ക്ക്‌ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

വികാസ്  ദുബെ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടതോടെ ഇല്ലാതായത് ചില പ്രധാന  വസ്തുതകളാണ്.  ഇത്രയും കാലം  തന്‍റെ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കിയ രാഷ്ട്രീയക്കാരേയും  പോലീസ് സേനയിലെ ഉന്നതരേയും  നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാനുള്ള  അവസരമാണ്  നഷ്ടമായത് എന്നത് അവഗണിക്കാന്‍ സാധിക്കില്ല.

More Stories

Trending News