റാഞ്ചി: ഡല്‍ഹിയിലും റാഞ്ചിയിലും ഇരട്ട "എഞ്ചിനുകൾ" സ്ഥാപിച്ചതിലൂടെ ഝാര്‍ഖണ്ഡിന്റെ വികസനം ഇരട്ടി വേഗതയിലും സുസ്ഥിരവുമായി നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഝാര്‍ഖണ്ഡില്‍ താമര വീണ്ടും വിരിയുമെന്നും ഇവിടുത്തെ ആളുകള്‍ സുസ്ഥിര സര്‍ക്കാരിനായി ബിജെപിയേയാണ് വീണ്ടും അധികാരത്തില്‍ കാണുവാന്‍ ആഗ്രഹിക്കുന്നത് എന്നും മോദി പറഞ്ഞു. ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലിയില്‍ പ്രസംഗിക്കവേ ആണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ബിജെപി സർക്കാരിനോട് ഝാര്‍ഖണ്ഡിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും, ഏതെങ്കിലും പാർട്ടിയ്ക്ക് ഝാര്‍ഖണ്ഡില്‍ വികസനം നടപ്പിലാക്കാന്‍ സാധിക്കുമെങ്കില്‍ അത് ബിജെപിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാന നക്‌സല്‍ ബാധിത പ്രദേശങ്ങളിലാണ് പോളിംഗ് നടന്നത്. ആദ്യഘട്ടത്തില്‍ 62.87% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 7 മണിമുതല്‍ 3 മണിവരെ നടന്ന പോളിംഗില്‍ വോട്ടര്‍മാര്‍ ഏറെ താത്പര്യത്തോടെ പങ്കെടുത്തു. ഈ വസ്തുതയും പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ആദ്യ ഘട്ട വോട്ടെടുപ്പില്‍ നിന്നും 3 കാര്യങ്ങള്‍ വ്യക്തമാണ് എന്നദ്ദേഹം പറഞ്ഞു. ഒന്ന്, ജനാധിപത്യത്തെയും രാഷ്ട്രനിർമ്മാണത്തെയും ശക്തിപ്പെടുത്തുന്നതിൽ ഝാര്‍ഖണ്ഡിലെ ജനങ്ങളുടെ വിശ്വാസം അഭൂതപൂർവമാണ്. രണ്ട്, സംസ്ഥാനത്തുനിന്നും മാവോവാദികളെ തകര്‍ക്കുന്നതില്‍ സര്‍ക്കാര്‍ നേടിയ വിജയം, മൂന്നാമതായി, ബിജെപി സർക്കാരിനോട് ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം. ഈ മൂന്നു വസ്തുതകളും സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത് എന്നദ്ദേഹം പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവുമാണ് പ്രധാന എതിരാളികള്‍. എന്‍.ഡി.എയില്‍ നിന്നും ചില സഖ്യകക്ഷികള്‍ വിട്ടു പോയതിനെത്തുടര്‍ന്ന്‍ സഖ്യമില്ലാതെയാണ് ഇത്തവണ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി വിട്ട എ.ജെ.എസ്‌യുവും ലോക് ജനശക്തി പാര്‍ട്ടിയും ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (എ.ജെ.എസ്.യു)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രാ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ജാര്‍ഖണ്ഡില്‍ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഡിസംബര്‍ 7, 12, 16, 20 എന്നീ തീയതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. 23ന് ഫലം പ്രഖ്യാപിക്കും.