ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റാലികൾക്കും റോഡ്‌ഷോകൾക്കും ഏർപ്പെടുത്തിയ നിരോധനം 2022 ജനുവരി 31 വരെ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റോഡ്‌ഷോകളും റാലികളും നടത്തുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാരുമായും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ജനുവരി 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുയോഗങ്ങള്‍ നടത്താം. പരാമവധി അഞ്ഞൂറ് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 31ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ ഇളവുകൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
രാജ്യത്ത് ഇന്ന് 3,37,704 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 488 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കോവിഡ് കേസുകൾ 21,13,365 ആണ്. 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ 94,540 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഇന്ന് 2,42,676 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,63,01,482 ആയി. രാജ്യത്തെ റിക്കവറി നിരക്ക് 93.31 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 10,050 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഒമിക്രോൺ കേസുകളിൽ 3.69 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.65 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകളുടെ എണ്ണം 161.16 കോടി കവിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...