ലക്‌നൗ: പുതിയ പാര്‍ട്ടി രൂപികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. രാവിലെ സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവിനെ ടെലിഫോണില്‍ വിളിച്ചാണ് രാജിസന്നദ്ധത അറിയിച്ചത്. മുലായം സിംഗ് യാദവ് വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തിലും അഖിലേഷ് യാദവ് രാജിസന്നദ്ധത അറിയിച്ചു.
പാര്‍ട്ടിയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതാധികാര സമിതിയുടെ യോഗം മുലായം സിംഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അഖിലേഷ് യാദവിനെ ഔദ്യോഗികമായി പുറത്താക്കാനുള്ള സാധ്യതയേറെയാണ്.
അതേ സമയം പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയില്‍ രണ്ടാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പാര്‍ട്ടി തലവന്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ ഒരുക്കമാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ താന്‍ രാജിക്ക് തയാറാണെന്ന് മുലായം സിംഗ് യാദവിനെ ഫോണിലൂടെ അറിയിച്ചതാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് പൊരുത്തപ്പെടാനാവില്ല. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചതെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, താനും പാര്‍ട്ടിക്കുവേണ്ടി ഏറെ കഷ്ടപ്പെട്ടയാളാണെന്ന് ശിവ്പാല്‍ യാദവും വ്യക്തമാക്കി.
യോഗം തുടങ്ങുന്നതിന് മുമ്പ് അഖിലേഷിന്‍റെയും ശിവ്പാല്‍ യാദവി\ന്‍റെയും അനുയായികള്‍ ലക്‌നൗവിലെ ഓഫീസിന് പുറത്ത് ഏറ്റുമുട്ടിയിരുന്നു. പോലീസ് പിന്നീട് ഇവരെ ഒഴിവാക്കി വിടുകയായിരുന്നു.
എന്നാല്‍ പുറത്താകുന്നതോടെ അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനു മറുപടിയായിട്ടാണ് പുതിയ പാര്‍ട്ടി രൂപികരിക്കുന്നില്ലെന്ന്‍ അഖിലേഷ് വ്യക്തമാക്കിയത്. സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഖിലേഷ് അറിയിച്ചു.
Instead of fighting our weaknesses we are fighting amongst ourselves: Mulayam Yadav
— ANI UP (@ANINewsUP) October 24, 2016
Some ministers are just busy being sycophants. And people who can't think big can't be a minister: Mulayam Yadav
— ANI UP (@ANINewsUP) October 24, 2016
പിതൃസഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാലു പേരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതിന് തൊട്ടുപിന്നാലെ അഖിലേഷിന്‍റെ അനുയായിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവിനെ ശിവ്പാല്‍ യാദവ് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതോടെയാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായത്.