പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തില്‍.. തീവ്രവാദ൦ അവസാനിപ്പിക്കണം...

എഫ്‌എ‌ടി‌എഫിന്‍റെ കരിമ്പട്ടിക മുന്നറിയിപ്പിന് ശേഷം പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം കൂടിയിരിക്കുകയാണ് എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്.

Sheeba George | Updated: Oct 19, 2019, 12:25 PM IST
പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തില്‍.. തീവ്രവാദ൦ അവസാനിപ്പിക്കണം...

ന്യൂഡല്‍ഹി: എഫ്‌എ‌ടി‌എഫിന്‍റെ കരിമ്പട്ടിക മുന്നറിയിപ്പിന് ശേഷം പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം കൂടിയിരിക്കുകയാണ് എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്.

ഈ സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുകയല്ലാതെ പാക്കിസ്ഥാന്‍റെ മുന്‍പില്‍ മറ്റൊരു പോംവഴിയുമില്ല എന്നും ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു.

അതേസമയം, എഫ്‌എ‌ടി‌എഫിന്‍റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കാൻ പാക്കിസ്ഥാന് നാല് മാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, ഗ്രേലിസ്റ്റിൽ നിന്നും വിടുതൽ നൽകണം എന്ന പാക്കിസ്ഥാന്‍റെ നിർദേശം എഫ്എടിഎഫ് തള്ളുകയും ചെയ്തു. 

2018 ജൂണ്‍ ജൂൺ മാസത്തിലാണ് പാക്കിസ്ഥാനെ എഫ്എടിഎഫ് ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുന്ന നടപടിയുടെ മുന്നോടി ആയിട്ടായിരുന്നു ഈ തീരുമാനം. 15 മാസത്തിനുള്ളിൽ എഫ്‌എ‌ടി‌എഫിന്‍റെ 27 ഭീകരവിരുദ്ധ വ്യവസ്ഥകളും പാലിക്കാനായിരുന്നു നിർദേശം. എന്നാല്‍ 7 നിർദേശങ്ങൾ പാലിക്കാൻ മാത്രമേ പാകിസ്ഥാന് സാധിച്ചുള്ളു. 27 ഭീകരവിരുദ്ധ വ്യവസ്ഥകളും പാലിക്കും എന്നും ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി ഒഴിവാക്കണം എന്നുമായിരുന്നു പാക്കിസ്ഥാന്‍റെ അപേക്ഷ. 

എന്നാൽ എഫ്എടിഎഫ് ഇത് അംഗീകരിച്ചില്ല. അമേരിക്ക അടക്കുമുള്ള രാജ്യങ്ങൾ പാക്കിസ്ഥാനെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന കർശന നിലപാട് സ്വീകരിക്കുകയും ചെയ്തു. ചൈന, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് പാക്കിസ്ഥാനെ അനുകൂലിച്ചത്. 

പാക്കിസ്ഥാന്‍റെ അപേക്ഷ മാനിച്ച് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നാലുമാസ സമയപരിധി അനുവദിക്കുകയായിരുന്നു. ഫെബ്രുവരിയ്ക്കകം പാക്കിസ്ഥാൻ 27 ഭീകരവിരുദ്ധ മാനദണ്ഡങ്ങളും പാലിച്ചതായി സമിതിയെ അറിയിക്കണം. ശേഷം എഫ്എടിഎഫ് യോഗ൦ ചേര്‍ന്ന് നിബന്ധനകള്‍ വിലയിരുത്തു൦, ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.