പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും

സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്.   

Last Updated : Mar 20, 2019, 09:16 AM IST
പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും

പനാജി: ഗോവയില്‍ പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. 40 അംഗങ്ങള്‍ ഉണ്ടായിരുന്ന നിയമസഭയില്‍ പരീക്കറുടെ മരണം ഉള്‍പ്പെടെ രണ്ട് ബിജെപി നേതാക്കളുടെ മരണവും, രണ്ട് എംഎല്‍എമാര്‍ രാജിവെച്ചതും കാരണം നിലവിലെ അംഗബലം 36 ആയി. 

 സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്. ബിജെപി-12, ഗോവ ഫോർവേർഡ് പാർട്ടി (ജിഎഫ്പി) 3, മഹരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) 3, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ എന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 14ഉം എന്‍സിപിക്ക് ഒരു അംഗവുമുണ്ട്. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുധിന്‍ ധവാലികര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനമായത്.

Trending News