ഗർഭഛിദ്രത്തെ ലോകം കാണുന്നത് എങ്ങനെ? ഇന്ത്യയിലെ ഗർഭഛിദ്ര നിയന്ത്രണങ്ങൾ ഇങ്ങനെ; 'റോ - വേഡ് ' വീണ്ടും ചർച്ചയാകുമ്പോൾ

ഗർഭഛിദ്രം നിയമവിധേയമല്ലാതാക്കിയ അമേരിക്കൻ സുപ്രീംകോടതി വിധിയാണ്. അതാത് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നും കോടതി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 03:38 PM IST
  • അമേരിക്കയിൽ ഗർഭഛിദ്രം അനുവദിച്ചതിന് പിന്നിൽ 1973ലെ റോ - വേഡ് എന്ന പേരിലറിയപ്പെടുന്ന കേസാണ്
  • 2019 ൽ മാത്രം 6,30,000 ഗർഭഛിദ്രം അമേരിക്കയിൽ നടന്നു എന്നാണ് CDC റിപ്പോർട്ടുകൾ
  • 24 രാജ്യങ്ങളിൽ ഗർഭഛിദ്രം നിയമവിരുദ്ധമാണ്
ഗർഭഛിദ്രത്തെ ലോകം കാണുന്നത് എങ്ങനെ? ഇന്ത്യയിലെ ഗർഭഛിദ്ര നിയന്ത്രണങ്ങൾ ഇങ്ങനെ; 'റോ - വേഡ് ' വീണ്ടും ചർച്ചയാകുമ്പോൾ

ഗർഭഛിദ്രം അമേരിക്കയിൽ വീണ്ടും രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അതിന് കാരണം ഗർഭഛിദ്രം നിയമവിധേയമല്ലാതാക്കിയ അമേരിക്കൻ സുപ്രീംകോടതി വിധിയാണ്. അതാത് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നും കോടതി വ്യക്തമാക്കി.

അമേരിക്കയിൽ ഗർഭഛിദ്രം അനുവദിച്ചതിന് പിന്നിൽ 1973ലെ റോ - വേഡ് എന്ന പേരിലറിയപ്പെടുന്ന കേസാണ്.  ടെക്‌സ്സിലെ 25 വയസുളള നോർമ മക്ഗോവറി, ജെയ്ൻ റോ എന്ന പേരിൽ കൊടുത്ത കേസാണിത്. തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് അബോർഷൻ ആവശ്യപ്പെട്ട് അവർ ഫെഡറൽ കോടതിയെ സമീപിച്ചത്. 1969ലാണ് സംഭവം. ഡാലസ് കൗണ്ടി ഡിസ്ട്രിക് അറ്റോണി ഹെന്റി വേഡ് ആണ് എതിർത്ത് വാദിച്ചത്. കേസ് അന്ന് തള്ളിപ്പോയി. നോർമ അപ്പീൽ നൽകി. 

1973ൽ സമാനമായ മറ്റൊരു കേസിനൊപ്പം വാദം കേട്ട കോടതി ഗർഭഛിദ്ര അവകാശത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. അങ്ങനെ സ്വകാര്യതാ അവകാശത്തിൽ ഗർഭഛിദ്രവും ഉൾപ്പെട്ടു. സ്ത്രീക്ക് ഗർഭഛിദ്രം നടത്താനുള്ള അവകാശത്തിന് വിധി സംരക്ഷണം നൽകി. അമേരിക്കയിലെ മതയാഥാസ്ഥിതികർ പക്ഷേ ഈ വിധിക്ക് എതിരായിരുന്നു. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും നൽകിയത് റോ-വേഡ് കേസാണ്. ഈ വിധി റദ്ദാക്കുകയാണ് സുപ്രീകോടതി ചെയ്തത്.  13 സംസ്ഥാനങ്ങൾ റോ-വേഡ് വിധി പ്രകാരം ഗർഭഛിദ്രം അനുവദിച്ചിരുന്നു. 

ഗർഭിണിയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ അല്ലാതെയുള്ള ഗർഭഛിത്രം നിയമവിരുദ്ധമാക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും കാലകാലങ്ങളായി ഉന്നയിച്ചിരുന്നു. അതിനെല്ലാം തടസമായി നിന്നിരുന്നത് റോ-വേഡ് കേസ് വിധിയായിരുന്നു. സുപ്രീംകോടതിയുടെ പുതിയ വിധി പ്രകാരം 20 സംസ്ഥാനങ്ങൾ ഗർഭഛിദ്രം നിയമവിരുദ്ധമാക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. 

2019 ൽ മാത്രം 6,30,000 ഗർഭഛിദ്രം അമേരിക്കയിൽ നടന്നു എന്നാണ് അമേരിക്കൻ സെൻർ ഫോർ ഡിസീസ് കൺട്രോൾ (CDC)റിപ്പോർട്ടുകൾ.  എന്നാൽ യഥാർത്ഥത്തിൽ ഇത് 8,60,000 വരെ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ആദ്യ മൂന്ന് മാസത്തിനുള്ളിലാണ് 92.8 ശതമാനം അബോർഷനും നടക്കുന്നത്. ഇതിൽ മിക്കവരും വിവാഹിതരാകാത്ത സ്ത്രീകളും. ഇതിൽ തന്നെ പത്തിൽ ഒരാൾ 20 വയസിൽ താഴെയുള്ളതാണ്. 60 ശതമാനത്തോളം സ്ത്രീകളും ഒരിക്കലെങ്കിലും ഗർഭഛിദ്രം നടത്തിയിട്ടുള്ളവരാണ്. 

24 രാജ്യങ്ങളിൽ ഗർഭഛിദ്രം നിയമവിരുദ്ധമാണ്. സെനഗൽ, ഈജിപ്ത്, ഫിലിപ്പീൻസ്, പോളണ്ട്, മാൾട്ട തുടങ്ങിയവയാണ് ആ രാജ്യങ്ങൾ. നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തുന്നവരെ ജയിലടക്കാറുപോലും ഉണ്ട് ചില രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനിൽ മാൾട്ട മാത്രമാണ് ഗർഭഛിദ്രം വിലക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ മിക്കയിടത്തും പൂർണ നിരോധനമോ നിയന്ത്രണമോ ഉണ്ട്. നൈജീരിയിൽ ഗർഭിണിയുടെ ജീവൻ അപകടത്തിൽ ആണെങ്കിൽ മാത്രമേ അനുവദിക്കൂ. എന്നാൽ സിംബാബ്‌വെയിൽ ബലാത്സംഗത്തിന് ഇരയായവർക്കും ഭ്രൂണത്തിന് വൈകല്യങ്ങൾ കണ്ടെത്തിയാലും അനുവദിക്കും. ബ്രസീലിൽ ബലാത്സംഗത്തിന് ഇരയായവർക്കും ഭ്രൂണത്തിന് വൈകല്യം കണ്ടെത്തിയവരിലും മാത്രമാണ് ഗർഭഛിദ്രത്തിന് അനുവാദം. ഇത്തരം സാഹചര്യങ്ങളിൽ മെഡിക്കൽ ടീമിന്റെ അനുവാദം തേടണം.  

കാനഡ, ഓസ്ട്രേലിയ, യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്. കാനഡയിൽ ഗർഭഛിദ്രത്തിന് അനുവാദം നൽകുന്ന നിയമങ്ങൾ ഇല്ലെങ്കിലും ഗർഭാവസ്ഥയിലെ ഏത് ഘട്ടത്തിലും അനുവദനീയമാണ്. 

ഗർഭച്ഛിദ്രാവകാശങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് അയർലണ്ടിൽ സാക്ഷ്യം വഹിച്ചു. 2018-ൽ, രാജ്യത്തെ  ഗർഭഛിദ്ര നിയന്ത്രണം വയ്ക്കുന്ന നിയമങ്ങൾ അസാധുവാക്കാൻ പൊതുജനങ്ങൾ വോട്ട് ചെയ്തു. ഇപ്പോൾ, ഒരു സ്ത്രീക്ക് ഗർഭം ധരിച്ച് 12 ആഴ്ചയ്ക്കുള്ളിൽ അബോർഷൻ തിരഞ്ഞെടുക്കാം. എന്നിരുന്നാലും, നിയമവിരുദ്ധമായ ഗർഭച്ഛിദ്രത്തിന് സൗകര്യമൊരുക്കുന്നവരെ ഇപ്പോഴും അറസ്റ്റ് ചെയ്യാമെന്നും പരമാവധി 14 വർഷം തടവ് ലഭിക്കുമെന്നും നിയമം പറയുന്നു. 2019ൽ യുകെയും ഗർഭചിദ്ര നിരോധനം നീക്കി.  ന്യുസിലൻഡ് 2020ൽ ക്രിമിനൽ കുറ്റമല്ലാതാക്കി. 

ഇന്ത്യയിലെ ഗർഭഛിദ്ര പോളിസി

1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) നിമയപ്രകാരം നിയന്ത്രിതമാണ് ഇന്ത്യയിൽ ഗർഭഛിദ്രം. 

പ്രധാനമായും രണ്ട് ഘട്ടത്തിൽ മാത്രമാണ് ഗർഭഛിദ്രത്തിന് അനുമതിയുള്ളത്

1. ഗർഭിണിയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ (ശാരീരികാവസ്ഥയ്ക്ക് പുറമെ മാനസികാരോഗ്യവും പരിഗണിക്കും)

2. ജനിക്കാനിക്കുന്ന കുട്ടിയ്ക്ക് മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയാൽ

ഗർഭിണിയായ 24 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിന് അനുമതിയുള്ളൂ. ഇതിന് രണ്ട് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിരിക്കും. ഈ റിപ്പോർട്ട് ഗർഭാവസ്ഥയുടെ 20 മുതൽ 24 ആഴ്ചയ്ക്ക് ഇടയിലുള്ളതും ആകണം.

സെക്ഷൻ 312 പ്രകാരം ഗർഭഛിദ്രം ഇന്ത്യയിൽ കുറ്റകരവുമാണ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമലംഘനം കണ്ടെത്തിയാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

പ്രധാനപ്പെട്ട ഭേദഗതികൾ-

ഗർഭഛിത്രത്തിനുള്ള സമയം 20 ആഴ്ച എന്നുള്ള 24 ആഴ്ച വരെയാക്കി ഉയർത്തി

20 ആഴ്ച വരെയുള്ള ഗർഭമാണെങ്കിൽ ഒരു ഡോക്ടറുടെ മാത്രം അനുമതി മതി

20 മുതൽ 24 ആഴ്ചവരെ പ്രായമുണ്ടെങ്കിൽ രണ്ട് ഡോക്ടർമാരുടെ അനുമതി വേണം.

24 ആഴ്ചയിൽ കൂടുതൽ പ്രായമുണ്ടെങ്കിൽ ഗർഭഛിത്രത്തിന് പ്രത്യേക മെഡിക്കൽ ബോർഡിന്റെ അനുമതി ആവശ്യമാണ്.

ഗൈനക്കോളജിസ്റ്റുകളുടെയും വനിതാ ആക്ടിവിസ്റ്റുകളുടെയും നിരന്തര രണ്ട് കാര്യങ്ങൾ കൂടി ആവശ്യപ്പെടുന്നുണ്ട്.

1. ഗർഭഛിദ്രത്തിന് വിധേയമാകുന്നവരുടെ സ്വകാര്യത മാനിക്കണം. ഗർഭഛിത്രം നടത്തുന്ന സ്ത്രീയുടെ വിവരങ്ങൾ പുറത്തുവിടുന്നത് കുറ്റകരമാക്കണം.

2. ഭർത്താവ് എന്ന വാക്കുമാറ്റി പങ്കാളി എന്ന് ഉപയോഗിക്കണം. സ്ത്രീ വിവാഹിതയാണോ അല്ലയോ എന്നത് ഒഴിവാക്കാനാണ് ഇത്. 

നിയമഭേദഗതിയെ എതിർക്കുന്നവർ പറയുന്നത്;

പുരോഗമനപരമായ ഭേദഗതി ആണെങ്കിലും ഇത് ഗർഭഛിദ്രത്തെ ന്യായീകരിക്കുന്നത് ആണെന്നാണ് ഒരു വിമർശനം. 80 ശതമാനം ഗർഭഛിദ്രങ്ങളും നടക്കുന്നത് ആദ്യ മൂന്ന് മാസത്തിലാണ്. ഗർഭസ്ഥശിശുവിന്റെ പ്രായം 24 ആഴ്ച പിന്നിട്ടാൽ ഗർഭഛിദ്രത്തിന് മെഡിക്കൽ ബോർഡിന്റെ അനുമതി വേണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, റേഡിയോളജിസ്റ്റ് എന്നിവർ അടങ്ങുന്നതാണ് മെഡിക്കൽ ബോർഡ്. പക്ഷേ രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ ഇങ്ങനെയൊരു മെഡിക്കൾ ബോർഡ് ഉണ്ടാകുമോ എന്നതും ചിന്തിക്കണം. രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം പോലും ലഭിക്കാറില്ലെന്നതാണ് യാഥാർഥ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News