ആശുപത്രിയിലെത്തി ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നു: കഫീല്‍ ഖാൻ

മുഖ്യമന്ത്രി അനുവദിച്ചാല്‍ വീണ്ടും ആശുപത്രിയിലെത്തി സേവനം ചെയ്യുമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍.  

Last Updated : Apr 29, 2018, 03:54 PM IST
ആശുപത്രിയിലെത്തി ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നു: കഫീല്‍ ഖാൻ

ഗോരഖ്പൂര്‍: മുഖ്യമന്ത്രി അനുവദിച്ചാല്‍ വീണ്ടും ആശുപത്രിയിലെത്തി സേവനം ചെയ്യുമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍.  

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ബാബാ റാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വര്‍ഷം  ഉണ്ടായ ശിശുമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ദേഹം എട്ടു മാസത്തെ ജയില്‍ ജീവിതത്തിനു ശേഷം കഴിഞ്ഞ 25നാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. 

ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് തെളിവില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയെതുടര്‍ന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

"എന്തു കുറ്റം ചെയ്തതിനാണ് താന്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത് എന്ന് പലപ്പോഴും താന്‍ ചിന്തിക്കാറുണ്ടായിരുന്നു, എന്‍റെ ഭാവി മുഖ്യമന്ത്രിയുടെ കൈകളിലാണ്, അദ്ദേഹം എന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ വീണ്ടും ആതുര സേവനം തുടരും," അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം, ആരാണ് യഥാര്‍ഥ പ്രതിയെന്ന ചോദ്യത്തിന് അക്കാര്യം താന്‍ എഴുതിയ കത്തില്‍  സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം മറുപടി നല്‍കി.

ജയിലിലായിരിക്കെ അദ്ദേഹം എഴുതിയ കത്ത് ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  ആശുപത്രി അധികൃതര്‍ ഓക്സിജന്‍ വിതരണക്കാരന് പണം നല്‍കിയിരുന്നില്ലെന്ന് ആ കത്തില്‍ അദ്ദേഹംസൂചിപ്പിച്ചിരുന്നു.

ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ടുകൂടി ആശുപത്രിയിലെത്തി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കണ്ടെത്തിയ കാരണം ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തന്‍റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തുന്നുവെന്നതായിരുന്നു. പിന്നീട് അദ്ദേഹത്തിനെതിരെ തെളിവില്ലെന്ന് കണ്ടെത്തി കോടതി മോചിപ്പിക്കുകയായിരുന്നു.

 

Trending News