പാക്‌ അധീന കശ്മീരിലെ നാല് ഭീകരകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.  

Last Updated : Oct 20, 2019, 02:35 PM IST
പാക്‌ അധീന കശ്മീരിലെ നാല് ഭീകരകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക്‌ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാക്‌ അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

 

 

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാക്‌ അധീനകശ്മീരിലെ താങ്ധര്‍ സെക്ടറിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന നീലം താഴ്വരയിലെ നാല് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.  

 

 

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക്ക് സൈന്യത്തിന്റെ നടപടിയ്ക്ക് കൊടുത്ത തിരിച്ചടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.

ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പില്‍ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.

ഇന്നു രാവിലെ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സമീപവാസികളായ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പാക്‌ ആക്രമണം. ഇതിന് ശക്തമായ തിരിച്ചടിയാണ് നല്‍കിയതെന്നും സൈന്യം അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണത്തിന് പലതവണ ഇന്ത്യ പാക്കിസ്ഥാന് താക്കീത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നും പ്രകോപനം ശക്തമായത്. 

Trending News