ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഖൈമോ മേഖലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഇന്നലെ രാത്രിയാണ് ഭീകരാക്രമണം നടന്നത്. പൂഞ്ച് സ്വദേശിയായ താഹിർ ഖാൻ എന്ന പോലീസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.“ഇന്നലെ രാത്രി ഖൈമോ കുൽഗാമിൽ ഒരു ഗ്രനേഡ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ഭീകരാക്രമണത്തിൽ താഹിർ ഖാൻ എന്ന പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചികിത്സയ്ക്കായി അദ്ദേഹത്തെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു." കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.
A grenade incident was reported yesterday night in Qaimoh #Kulgam. In this #terror incident, 01 police personnel namely Tahir Khan R/O Mendhar, Poonch got injured. He was shifted to GMC hospital #Anantnag for treatment where he succumbed & attained #martyrdom.@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 14, 2022
ശനിയാഴ്ച ശ്രീനഗറിൽ ഭീകരർ നടത്തിയ മറ്റൊരു ഗ്രനേഡ് ആക്രമണത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. "അലി ജാൻ റോഡിൽ വച്ച് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു" ശ്രീനഗർ പോലീസ് ട്വീറ്റിൽ പറഞ്ഞു.
താഴ്വരയിലെ ഇന്ത്യൻ സൈനിക താവളത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് ഗ്രനേഡ് ആക്രമണങ്ങൾ നടന്നത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലുകളിൽ മൂന്ന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരിയിൽ വ്യാഴാഴ്ച രാവിലെ നടന്ന ഓപ്പറേഷനിൽ ചാവേറുകളെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികർക്ക് പരിക്കേറ്റത്. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾമാൻ ലക്ഷ്മണൻ ഡി എന്നിവർ പിന്നീട് വീരമൃത്യു വരിച്ചു.
ആക്രമണത്തെ അപലപിച്ച ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഉചിതമായ രീതിയിൽ നേരിടുമെന്ന് പറഞ്ഞു. "രാജൗരിയിലെ നിന്ദ്യമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ.''മനോജ് സിൻഹ പറഞ്ഞു. ബുധനാഴ്ച ബുദ്ഗാമിൽ സുരക്ഷാ സേന മൂന്ന് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരെ വധിച്ചു. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെയും കശ്മീരി നടിയും യൂട്യൂബറുമായ അമ്രീൻ ഭട്ടിനെയും സാധാരണ പൗരന്മാരെയും കൊലപ്പെടുത്തിയവരിൽ ഒരാളും കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...