ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ജമ്മുകശ്മീർ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷോപ്പിയാനിലെ ഡ്രാച്ച് മേഖലയിൽ ഇന്നലെ വൈകിട്ട് നടന്ന ആദ്യ ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഇഎം) ബന്ധമുള്ള മൂന്ന് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടു.
സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെ ഷോപ്പിയാനിലെ മൂലു പ്രദേശത്ത്, നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുടെ ഒരു പ്രാദേശിക ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. "നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഒരു പ്രാദേശിക ഭീകരൻ മൂലു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണ്" കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.
01 local #terrorist of proscribed #terror outfit LeT killed in Moolu #encounter. #Operation going on. Further details shall follow.@JmuKmrPolice https://t.co/yoI1l0Mf3p
— Kashmir Zone Police (@KashmirPolice) October 5, 2022
"ഷോപിയാനിലെ മൂലു മേഖലയിൽ രണ്ടാമത്തെ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്" കശ്മീർ സോൺ പോലീസ് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ഡ്രാച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർ ഹനാൻ ബിൻ യാക്കൂബ്, ജംഷേദ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. പുൽവാമയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർ ജാവേദ് ദാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പോലീസ് പറഞ്ഞു. "കൊല്ലപ്പെട്ട ഭീകരരായ ഹനാൻ ബിൻ യാക്കൂബും ജംഷേദും അടുത്തിടെ പുൽവാമയിലെ പിംഗ്‌ലാനയിൽ എസ്‌പിഒ ജാവേദ് ദാറും സെപ്റ്റംബർ 24 ന് പുൽവാമയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു തൊഴിലാളിയും കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളികളാണ്," പോലീസ് ട്വീറ്റ് ചെയ്തു.
ഒക്ടോബർ രണ്ടിന് ഷോപ്പിയാനിലെ ബസ്കുചാൻ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) ഒരു പ്രാദേശിക ഭീകരനെ പോലീസ് വധിച്ചിരുന്നു. ഷോപ്പിയാനിലെ നൗപോറ ബസ്കുചാനിലെ നസീർ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ട ഭീകരനെന്ന് കശ്മീർ എഡിജിപി അറിയിച്ചു. ഷോപ്പിയാനിലെ ബാസ്‌കുചാൻ ഗ്രാമത്തിൽ ഒരു തീവ്രവാദിയുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പ്രസ്തുത പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തി. തിരച്ചിലിനിടെ, ഭീകരൻ സംയുക്ത സേനാ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എകെ റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...