"പുല്‍വാമ" ആവര്‍ത്തിക്കാന്‍ സാധ്യത: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.  

Last Updated : Mar 8, 2019, 01:36 PM IST
"പുല്‍വാമ" ആവര്‍ത്തിക്കാന്‍ സാധ്യത: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ശ്രീനഗര്‍: പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കാന്‍ ജെയ്‌ഷെ മുഹമ്മദ് രഹസ്യമായി പദ്ധതി തയ്യാറാക്കുന്നതായി സൂചന. സുരക്ഷാ ഏജന്‍സികളോട് ജാഗ്രത പുലര്‍ത്തുന്നതിനും കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിക്കാനും രഹസ്യാന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്. പുല്‍വാമയില്‍ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നാലെയാണ് ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് സംഘടനാപ്രവര്‍ത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു.

വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്‌നാഗിലും അതിതീവ്രതയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ടാറ്റാ സുമോ എസ് യുവി സ്‌ഫോടനത്തിനുപയോഗിക്കുമെന്നും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Trending News