കര്‍ണാടക തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്നവസാനിക്കുന്നു; സിദ്ധരാമയ്യയക്കെതിരെ സ്ഥാനാര്‍ത്ഥി ഇപ്പോഴും 'സസ്പെന്‍സ്'

അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കുകയാണ്. 

Last Updated : Apr 24, 2018, 09:55 AM IST
 കര്‍ണാടക തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്നവസാനിക്കുന്നു; സിദ്ധരാമയ്യയക്കെതിരെ സ്ഥാനാര്‍ത്ഥി   ഇപ്പോഴും 'സസ്പെന്‍സ്'

ബംഗളൂരു: അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കുകയാണ്. 

അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലങ്ങളില്‍  ബിജെപി 'സസ്പെന്‍സ്' നിലനിര്‍ത്തുകയാണ്.
പാര്‍ട്ടി ഇതുവരെ സിദ്ധരാമയ്യ മത്സരിക്കുന്നരണ്ടു മണ്ഡലങ്ങളിലും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തവണ ചാമുണ്ടേശ്വരിയിലും ബദാമിയിലുമാണ് മത്സരിക്കുന്നത്. ബദാമിയില്‍ ഇന്ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 

അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് സംസ്ഥാന രാഷ്ട്രീയം വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സിറ്റിങ് മണ്ഡലമായ വരുണയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി പ്രചാരണത്തിലായിരുന്നു യെദ്യൂരപ്പയുടെ മകനായ ബി.വൈ വിജയേന്ദ്ര. മകന്‍ യതീന്ദ്രയെ സിദ്ധരാമയ്യ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയാണ് വിജേന്ദ്രയെ യെദ്യൂരപ്പയും കളത്തിലിറക്കിയത്. 

എന്നാല്‍ പാര്‍ട്ടി തലപ്പത്തുനിന്നും ലഭിച്ച അപ്രതീക്ഷിത തിരിച്ചടി അദ്ദേഹത്തെ മകന്‍ മത്സരിക്കില്ലെന്ന തീരുമാനം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാക്കി. ഇത് അദ്ദേഹത്തിന്‍റെ അണികളെ നിരാശരാക്കിയിരിക്കുകയാണ്. മകന്‍ മത്സരിക്കില്ലെന്ന തീരുമാനം യെദ്യൂരപ്പ പ്രഖ്യാപിച്ച ഉടനെ നിരാശരായ പ്രവര്‍ത്തകര്‍ യോഗം അലങ്കോലമാക്കി. കസേരകള്‍ എറിഞ്ഞുടച്ചു. വേദി തകര്‍ത്തു. വിജയേന്ദ്രയെ വഴിയില്‍ തടഞ്ഞു. എന്നാലിത് സ്വന്തം തീരുമാനമാണെന്നറിയിച്ച് യെദ്യൂരപ്പ പിന്നീട് വാര്‍ത്താക്കുറിപ്പിറക്കി.

അതേസമയം, ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ബാദാമിയില്‍ റെഡ്ഢി സഹോദരങ്ങളുടെ അടുപ്പക്കാരനായ ബി ശ്രീരാമലു എം.പി, സിദ്ധരാമയ്യക്കെതിരെ മത്സരിക്കാന്‍ സാധ്യതയേറുന്നുണ്ട്. കൂടാതെ 
സിദ്ധരാമയ്യയുടെ മുന്‍ അനുയായിയും ലിംഗായത്ത് നേതാവുമായ രേവണ്ണ സിദ്ധയ്യയെ വരുണയില്‍ ബി.ജെ.പി സ്ഥാനാത്ഥിയാക്കിയേക്കുമെന്നും സൂചനയുണ്ട്.

യെദ്യൂരപ്പ നിര്‍ദേശിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് നല്‍കിയ ബിജെപി നേതൃത്വം അദ്ദേഹത്തിന്‍റെ  മകനെയും അടുത്ത അനുയായി ശോഭ കരന്തലജെയും ഒഴിവാക്കിയതാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിപ്പട്ടികയെ ഇത്തവണ ശ്രദ്ധേയമാക്കിയത്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കാലാവധി മെയ്‌ 28ന് അവസാനിക്കും. മെയ്‌ 12 നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ്‌ 15ന് നടക്കും.  

 

Trending News