ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും സ്ഥിര പല്ലവിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി തന്നെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും താഴ്ത്തിക്കെട്ടി സംസാരിക്കുന്നതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങള്‍ സംസാരിക്കില്ല. താന്‍ പ്രധാനമന്ത്രി എന്ന പദവിയെ ബഹുമാനിക്കുന്നു. അതിനാല്‍ മോദിയുടെ ഭാഷയില്‍ സംസാരിക്കാറില്ല, അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മുക്ത ഭാരതമല്ല താന്‍ ആഗ്രഹിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ തങ്ങളവര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്നും അവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് വെറും 9 ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ് പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഇരു നേതാക്കളുടെയും വരവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കും.