കര്‍ണാടക തെരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിനെതിരെ വാക്ശരവുമായി പ്രധാനമന്ത്രി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തി. ഇത് പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്‍റെ രണ്ടാം ദിവസമാണ്.  

Last Updated : May 3, 2018, 04:21 PM IST
കര്‍ണാടക തെരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിനെതിരെ വാക്ശരവുമായി പ്രധാനമന്ത്രി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തി. ഇത് പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്‍റെ രണ്ടാം ദിവസമാണ്.  

പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗവും കോണ്‍ഗ്രസിനെ കുറ്റപ്പെടുതുന്നതില്‍ അവസാനിച്ചതായി കരുതാം. ഇന്നത്തെ പ്രസംഗത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്, സൈനികരുടെ വീരമൃത്യു തുടങ്ങിയ വിഷയങ്ങളാണ് മോദി ആയുധമാക്കിയത്. 

രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുകയെന്നത് കോണ്‍ഗ്രസിന്‍റെ ഒരു ശീലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ത്യാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിലമതിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു. പകരം അവരെ അപമാനിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കല്‍ബുര്‍ഗിയിലെ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ വിശ്വസിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നും മോദി ആരോപിച്ചു. അതിനാലാണ് അവര്‍ ഇപ്പോഴും അതിനെ ചോദ്യം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് എംഎല്‍എമാരെ തിരഞ്ഞെടുക്കാന്‍ വേണ്ടി മാത്രമല്ല എന്നും ഇത് സ്ത്രീകളുടെ സുരക്ഷയ്ക്കും, കര്‍ഷകരുടെ രക്ഷയ്ക്കും വേണ്ടിയുള്ളതാണ് എന്നും ഇതിനെ എംഎല്‍എമാരെ തിരഞ്ഞെടുക്കാന്‍ വേണ്ടി മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ നിലയില്‍ പ്രചാരണം നടത്തുന്നുണ്ട് എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ. 

തെരഞ്ഞെടുപ്പിന്​ വെറും 9 ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ്​ പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഇരു നേതാക്കളുടെയും വരവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കും. 

 

Trending News