ന്യൂഡൽഹി: 65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ടുള്ള 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളോട് കൂടിയാലോചന പോലും നടത്താതെ ഭേദഗതി വരുത്താനുള്ള കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ തീരുമാനം വോട്ടിങ്ങുമായി ബന്ധപ്പെട്ട ഭരണഘടന വ്യവസ്ഥകളുടെയും, സുപ്രീം കോടതി വിധികളുടെയും നഗ്നമായ ലംഘനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നിലവിലുള്ള പോസ്റ്റൽ ബാലറ്റ് സംവിധാനം 65 വയസും അതിനു മുകളിലുള്ളവർക്കും, കോവിഡ് രോഗികൾക്കും, വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും കൂടി ബാധകമാക്കാനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്.
ഈ തീരുമാനം രാഷ്ട്രീയ പാർട്ടികളോട് പോലും യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് കൈക്കൊണ്ടത് എന്നതിന് പുറമെ തികച്ചും അപ്രായോഗികവും, ചിന്താശൂന്യവും ആണെന്നതിൽ തർക്കമില്ല എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പ്രാഥമികമായി തന്നെ ഈ തീരുമാനം ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസത്തയായ വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുമെന്നു തന്നെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്നിലധികം സുപ്രധാന വിധികളിലൂടെ സുപ്രീം കോടതി തന്നെ ഈ വസ്‌തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്.
സാർവത്രിക സാക്ഷരത ഇനിയും വ്യാപമാകാത്ത നമ്മുടെ രാജ്യത്ത്, പോസ്റ്റൽ ബാലറ്റ് സംവിധാനം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നത് തിരഞ്ഞെടുപ്പിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടാനും, മറ്റു സ്വാധീനങ്ങൾക്കു കീഴ്‌പ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കും എന്നതിൽ സംശയം വേണ്ട.
വോട്ടിങ്ങിന്റെ വിവിധ ഘട്ടങ്ങളിൽ ആർക്കാണ് തങ്ങൾ വോട്ടു ചെയ്തതെന്ന വസ്‌തുത മറച്ചു പിടിക്കാൻ പോലും വോട്ടർമാർക്ക് സാധിച്ചെന്നു വരില്ല. 2006 ലെ കുൽദീപ് നയ്യാർ Vs കേന്ദ്ര സർക്കാർ വിധിയിലും, 1980 ലെ എസ്. രൺഭീർ സിങ് ഗിൽ Vs ഗുർചരൻ സിങ് തോഹ്ര വിധിയിലും സത്യസന്ധമായ ജനാധിപത്യ പ്രക്രിയയുടെ വിജയത്തിന് വോട്ടിന്റെ രഹസ്യാത്മകത അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇതോടൊപ്പം തന്നെ കോവിഡ് പശ്ചാത്തലത്തിൽ കൊണ്ടുവന്ന പുതിയ ഭേദഗതി മുതിർന്നവരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും വൈറസ് ബാധയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് പകരം അവരെ കൂടുതൽ അപകടങ്ങളിലേക്കു തള്ളിവിടാനേ ഉപകരിക്കൂ.
നിലവിലെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷയും, പേപ്പറും കൃത്യമായി പരിശോധനക്ക് വിധേയമാക്കുകയും നോട്ടറി ഒപ്പു വെക്കുകയും ചെയ്യേണ്ടതുണ്ട്.
അത് കൊണ്ട് തന്നെ മുതിർന്നവരും, കോവിഡ് രോഗികളും നേരിട്ട് ഉദ്യോഗസ്ഥരെ കാണേണ്ടി വരികയും അത് മൂലം വ്യാപക സമ്പർക്കങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും. കൂടാതെ പോസ്റ്റൽ ബാലറ്റുകൾ സർക്കാർ പോസ്റ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് മാത്രമേ അയക്കാനും വ്യവസ്ഥയുള്ളൂ.
ഇതും പൊതു ജന സമ്പർക്കം ആക്കം കൂട്ടാൻ കാരണമാകും. മാത്രമല്ല പോസ്റ്റൽ വോട്ടുകൾ സാധുവാകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള ഒട്ടേറെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇവയിൽ ഭൂരിഭാഗം വോട്ടുകളും അസാധുവായി കണക്കാക്കപ്പെടും എന്ന അപകടവുമുണ്ട്.
ഇതിലെല്ലാം ഉപരി തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും, ഭരിക്കുന്ന പാർട്ടിയുടെയും, ഉദ്യോഗസ്ഥ ഇടപെടലുകളും വോട്ടിങ്ങിലെ സുതാര്യത നഷ്ടപ്പെടുത്തുമെന്ന ആശങ്കയുമുണ്ട്. ഇത് നിലവിലുള്ള ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
പോസ്റ്റൽ ബാലറ്റ് സംവിധാനം ഏറ്റവും അനിവാര്യമായ ഘട്ടങ്ങളിൽ ഇളവുകൾ നൽകാനുള്ള വ്യവസ്ഥ മാത്രമാണ് എന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. കോവിഡ് പശ്ചാത്തലത്തിൽ ഈ ഇളവുകൾ വ്യാപകമാക്കുന്നത് വോട്ടർമാർക്ക് സഹായം ആവുന്നതിനു പകരം ഒരേ സമയം അവരെ കൂടുതൽ അപകടത്തിലേക്ക് നയിക്കാനും ജനാധിപത്യ പ്രക്രിയയുടെ അന്തസത്ത തന്നെ നഷ്ടപ്പെടുത്താനും കാരണമാകും. ഈ അപ്രായോഗികമായ ഭേദഗതിക്ക് പകരം നിലവിലെ സ്ഥിതി തുടരുകയും, മുതിർന്ന പൗരന്മാർക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പ്രത്യേകം വോട്ടിങ് കൗണ്ടറുകൾ ഏർപ്പെടുത്തുകയും, ഇടവേളകളിൽ അണു നശീകരണം നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തുകയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത്.
അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പ് രീതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താനും, വ്യാപക ക്രമക്കേടുകൾ നടക്കാനും പുതിയ നിയമഭേദഗതി വഴിവെക്കും. യാതൊരു കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി കൈക്കൊണ്ട ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും , വോട്ടിങ്ങിലെ സുതാര്യതയും, രഹസ്യ സ്വഭാവവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.