ഇന്ന് ഏപ്രിൽ 27, ലോക കാക്കദിനമായി ആചരിക്കപ്പെടുന്നു. നമുക്ക് ചുറ്റുപാടും വളരെയധികം കാണപ്പെടുന്ന ഒരു പക്ഷി വർഗ്ഗമാണ് കാക്കകൾ. ഏറ്റവും ബുദ്ധിയുള്ള പക്ഷി വര്‍ഗ്ഗം എന്ന് കാക്കകളെ ചിലർ വിശേഷിപ്പിക്കാറുണ്ട്. കേരളത്തിൽ പ്രധാനമായും രണ്ട് തരം കാക്കകളെയാണ് കാണപ്പെടുന്നത്. ബലിക്കാക്കയും പേനക്കാക്കയുമാണ് ഇവ.
ഒരേ ജീവി വർഗ്ഗമാണെങ്കിലും വ്യത്യസ്ഥ ജാതികൾ ആണ് ഇവ. പൂർണ്ണമായും കറുത്ത നിറത്തിൽ കാണപ്പെടുന്ന കാക്കകൾ ആണ് ബലിക്കാക്കകൾ. ഹിന്ദു മത വിശ്വാസമനുസരിച്ച് മരണപ്പെട്ട പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ്, ബലിക്കാക്കകളുടെ രൂപത്തിൽ വന്ന് അവർ ഭക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഇത്തരം ദിവസങ്ങളില്‍ ബലി അർപ്പിക്കുന്ന ഇടങ്ങളിലെ കാക്കകളെ വിശ്വാസികൾ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുന്നു. എന്നാൽ മറ്റുള്ള ദിവസങ്ങളിൽ കാക്കകളുടെ സാമിപ്യവും ശബ്ദവും വളരെയധികം അരോചകമായാണ് മനുഷ്യർ കാണുന്നത്. ശുഭകാര്യങ്ങൾ ചെയ്യാൻ പോകുമ്പോൾ കാക്കയുടെ കരച്ചിൽ കേൾക്കുന്നത് അപശകുനം ആണെന്നാണ് ചിലർ വിശ്വസിക്കുന്നത്.
മറ്റൊരുതരം കാക്കകളാണ് പേനക്കാക്കകൾ. ഇവയും ബലിക്കാക്കയും ഒറ്റ നോട്ടത്തിൽ ഒരേ പോലെ തോന്നുമെങ്കിലും സൂര്യപ്രകാശം ഇവയുടെ ദേഹത്ത് തട്ടി പ്രതിഫലിക്കുമ്പോൾ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. പേനക്കാക്കയുടെ തലയും കഴുത്തും ചാര നിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ ബലിക്കാക്കകൾ പൂർണ്ണമായും കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്.
മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ ഇവ ഭക്ഷണമാക്കുന്നു.
ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും കാക്കകൾ ഉപേക്ഷിക്കും. മനുഷ്യനെപ്പോലെ ഒരു സാമൂഹിക ജീവി ആണ് കാക്കകൾ.
Read Also: ഒന്നര ലക്ഷം വരെ ലോൺ; നൈപുണ്യ വികസനത്തിനു സ്‌കിൽ ലോണുമായി അസാപും, കാനറ ബാങ്കും
കൂട്ടത്തിലെ ഒരു കാക്കക്കോ കുഞ്ഞിനോ അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി പ്രതികരിക്കുകയും ചിലപ്പോൾ ആക്രമിക്കുകയും ചെയ്യും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം ഇവയിൽ കാണാം. കാക്കയെ സംബന്ധിച്ച് നിരവധി കവിതകളും കഥകളും എൽ.പി ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ ഒരുപാട് കാണാറുണ്ട്. മനുഷ്യന്‍റെ നിത്യ ജീവിതത്തിൽ കാക്കകൾക്ക് ഒഴിച്ച് നിർത്താനാകാത്ത ഒരു സ്ഥാനമാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...