തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്‍ ശുപാര്‍ശയുടെയും തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കത്തിന്‍റെ തട്ടുകള്‍ നിജപ്പെടുത്താന്‍ തീരുമാനിച്ചു. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈകൊണ്ടത്.
അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീഷണല്‍ സെക്രട്ടറി വരെയുള്ള ഓഫീസര്‍മാരുടെ ഫയല്‍ പരിശോധനാതലങ്ങള്‍ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകള്‍ സംബന്ധിച്ചും രൂപമായി.
Read Also: ഗുജറാത്ത് മോഡൽ നടപ്പിലാക്കുമ്പോൾ കേരളത്തിൽ അഴിമതിയും ധൂർത്തും അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ
നയപരമായ തീരുമാനം, ഒന്നില്‍കൂടുതല്‍ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികള്‍, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ വിഷയങ്ങള്‍ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നത തലത്തില്‍ വിശദമായി പരിശോധിക്കും. ഫയല്‍ പരിശോധന നടത്തുന്നതിന് ഒരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥർ ( തട്ടുകള്‍ ) എപ്രകാരമായിരിക്കണമെന്ന് അതതു വകുപ്പുസെക്രട്ടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
മന്ത്രിസഭാ യോഗത്തിലെടുത്ത മറ്റ് തീരുമാനങ്ങൾ
കേരള പബ്ലിക്ക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം വ്യവസ്ഥചെയ്തിട്ടില്ലാത്ത തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പിനാണിത്.
Read Also: Iftar: ഇങ്ങനെ സ്നേഹിക്കുന്നവരും ഈ ലോകത്തുണ്ട്; അതാണ് ഇരിമ്പിളിയം കാട്ടുമാടം ഇല്ലത്തെ ഇഫ്താർ
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചു.
പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗകേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ നിലവിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
Read Also: റോഡ് പണിയുടെ പേരിൽ വീടിന്റെ ഗേറ്റും മതിലും അനുവാദമില്ലാതെ പൊളിച്ചുമാറ്റി
ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി വി വേണു മനയ്ക്കലിനെ നിയമിക്കും
വീട് വാസയോഗ്യമല്ലാതായ കണ്ണൂര്‍ മൊടപ്പത്തൂര്‍ സ്വദേശി രാഘവന്‍ വയലേരിക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...