ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ മധ്യപ്രദേശിലെത്തി. ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം രാവിലെ 10 മണിയോടെ ഗ്വാളിയോർ വ്യോമസേനാ താവളത്തിൽ ഇറങ്ങി. തുടർന്ന് ഇവയെ ഹെലികോപ്റ്ററിൽ കുനോ നാഷണൽ പാർക്കിൽ എത്തിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് എന്നിവർ ചേർന്ന് കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ പരിധിയിലേക്ക് ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയും തുറന്നു വിടും. ഇന്ത്യൻ വന്യജീവി നിയമമനുസരിച്ച്, രാജ്യത്ത് എത്തി 30 ദിവസത്തേക്ക് മൃഗങ്ങളെ നീരീക്ഷണത്തിലാക്കണം. ഇതിനായി റിസർവിൽ 10 ക്വാറന്റൈൻ എൻക്ലോസറുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനമായ സെപ്റ്റംബർ 17 ന് കുനോ നാഷണൽ പാർക്കിലേക്ക് ഇവയെ തുറന്ന് വിട്ടിരുന്നു.
ഈ ആശയം കേന്ദ്രം മുന്നോട്ട് വച്ചതിന് മൂന്ന് വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര ട്രാൻസ്‌ലോക്കേഷൻ പദ്ധതി കൂടിയാണിത്. ഇന്ത്യയിലെ അവസാന ചീറ്റ 1947-ലാണ് ചത്തത്. പിന്നിട് രാജ്യത്ത് ഇവയ്ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
വ്യത്യസ്ത ഉപജാതികളായ ആഫ്രിക്കൻ ചീറ്റകളെ പരീക്ഷണാടിസ്ഥാനത്തിൽ "ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത സ്ഥലത്ത്" രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് 2020-ൽ സുപ്രീം കോടതി വിധിച്ചതോടെ മൃഗങ്ങളെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലായി.
പ്രോജക്റ്റ് അനുസരിച്ച്, പുതിയ ചീറ്റകളുടെ എണ്ണം സ്ഥാപിക്കാൻ ഏകദേശം 12-14 ചീറ്റകളെ ദക്ഷിണാഫ്രിക്ക, നമീബിയ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വർഷത്തേക്ക് ഇറക്കുമതി ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...