ജയ്പൂര്‍ : രാജസ്ഥാനില്‍ സാനിറ്റൈസര്‍ നിര്‍മാണത്തിന് മദ്യ ഫാക്ടറികള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍. സംസ്ഥാനത്തെ 9 മദ്യ ഫാക്ടറികള്‍ക്കാണ് സാനിറ്റൈസര്‍ നിര്‍മാണത്തിന് അനുമതി.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന കാര്യങ്ങളാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നത്.
കൊറോണയ്ക്കെതിരെയുള്ള പ്രധാന പ്രതിരോധ൦ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ജലത്തിന്റെ അഭാവത്തില്‍ കൈകള്‍ അണുവിമുഖ്തമാക്കുന്നതിനുള്ള സാനിറ്റൈസര്‍ നിര്‍മാണത്തിനാണ് മദ്യ ഫാക്ടറികള്‍ക്ക് രാജസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലുള്ള 9 ഫാക്ടറികള്‍ക്കാണ് അനുമതി. കരിഞ്ചന്ത വില്പന തടയുന്നതിനും ന്യായവിലയ്ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗംഗാനഗര്‍ ഷുഗര്‍ മില്‍സിന്റെ 5 യൂണിറ്റുകള്‍ക്ക് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു 4 സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ജയ്പൂര്‍, അല്‍വര്‍ ജില്ലകളിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, ആദ്യ ബാച്ചായി 180mlന്റെ 2.70 ലക്ഷം കുപ്പി സാനിറ്റൈസര്‍ നല്‍കിയെന്നും ഉത്പാദനം ദിവസംതോറും 5 ലക്ഷം കുപ്പിയായി വര്‍ദ്ധിപ്പിക്കുമെന്നും ഗംഗാറാം ഷുഗര്‍ മില്‍സ് ഡയറക്ടര്‍ പൃഥ്വിരാജ് പറഞ്ഞു.