Exit Poll Result 2023: മധ്യപ്രദേശിൽ താമര വിരിയുമോ..? എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

Madhya Pradesh:  ബിജെപിക്ക് ഭരണ തുടർച്ച ലഭിക്കുമോ അതോ മധ്യപ്രദേശിലെ ജനങ്ങൾ കൈ കൊടുത്ത് വീണ്ടുമൊരു മാറ്റത്തിനാ​ഗ്രഹിക്കുമോ എന്ന് നോക്കാം.

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 07:34 PM IST
  • ഈ ഫലങ്ങൾ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുള്ളതാണ് അതിന്റെ പ്രധാന കാരണം.
  • മധ്യപ്രദേശിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ നൽകുന്ന സൂചനയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
Exit Poll Result 2023: മധ്യപ്രദേശിൽ താമര വിരിയുമോ..? എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ 2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് അവസാനിച്ചിരിക്കുന്നത്. എവിടെയെല്ലാം താമര വിരിയും ആരെല്ലാം കൈ കൊടുക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ എല്ലാം തന്നെ വളരെ പ്രാധാന്യത്തോടെയാണ് ഇരു കക്ഷികളും കാണുന്നത്. 

ഈ ഫലങ്ങൾ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുള്ളതാണ് അതിന്റെ പ്രധാന കാരണം. വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓരോ സംസ്ഥാനങ്ങളിലെയും വോട്ടിംഗിന്റെ സാധ്യമായ ഫലം പ്രവചിക്കാൻ വൈകുന്നേരം എക്സിറ്റ് പോളുകൾ നടത്തും. അത്തരത്തിൽ മധ്യപ്രദേശിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ നൽകുന്ന സൂചനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിലവിൽ ബിജെപി ഭരണത്തിന് കീഴിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 

ALSO READ: തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു, ഇനി എക്സിറ്റ് പോളിന്‍റെ ഊഴം

സംസ്ഥാനത്ത് ആകെ  230 സീറ്റുകളാണ് ഉള്ളത്. അതിൽ ഭൂരിപക്ഷം നേടാൻ 116 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ തവണ 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് 114 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നു. എന്നാൽ ഒന്നരവർഷം കൊണ്ട് പരസ്പരം ഒത്തു പോകാൻ സാധിക്കാത്ത കോൺ​ഗ്രസിന്റെ തമ്മിലടി ആയുധമാക്കിയ ബിജെപി ഭരണം തിരികെ പിടിക്കുകയായിരുന്നു. ബിജെപിക്ക് ഭരണ തുടർച്ച ലഭിക്കുമോ അതോ മധ്യപ്രദേശിലെ ജനങ്ങൾ കൈ കൊടുത്ത് വീണ്ടുമൊരു മാറ്റത്തിനാ​ഗ്രഹിക്കുമോ എന്ന് നോക്കാം..

കഴിഞ്ഞ നവംബർ 17നാണ് മധ്യപ്രദേശിൽ ഇലക്ഷൻ നടന്നത്. വിവിധ എക്സിറ്റ് പോൾ പ്രവചനം നിരീക്ഷിക്കുമ്പോൾ മധ്യപ്രദേശ് ഒരുമാറ്റം ആ​ഗ്രഹിക്കുന്നില്ല എന്നാണ് ലഭിക്കുന്ന സൂചന. റിപബ്ലിക് ടിവി നടത്തിയ സർവ്വേ പ്രകാരം മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ഭരണ തുടർച്ച ലഭിക്കുമെന്നാണ് പറയുന്നത്. 118 മുതൽ 130 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് 97 മുതൽ 107 സീറ്റുകൾ വരേയും മറ്റ് പാർട്ടികൾക്ക് 2 സീറ്റുകൾ വരേയും ലഭിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. എന്നാൽ  ജൻ കി ബാത് സർവ്വെ ഫലം സംസ്ഥാനം മാറ്റം ആ​ഗ്രഹിക്കുന്നുവെന്നാണ്. അതായത് കോൺ​ഗ്രസ് വി‍ജയിക്കുമെന്നാണ് സർവ്വേ പുറത്തുവിട്ട പ്രവചനങ്ങൾ പറയുന്നത്. കോൺഗ്രസ് 125 സീറ്റുകൾ വരെ സീറ്റുകൾ നേടുമെന്ന് പറയുമ്പോൾ  ബി ജെ പിക്ക് 123 സീറ്റുകൾ വരെ സാധ്യതയാണ് പ്രവചിക്കുന്നത്. 

സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ സഹായം, 500 രൂപയ്ക്ക് എല്‍ പി ജി സിലിണ്ടറുകള്‍, രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും,  പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും എന്നിങ്ങനെയായിരുന്നു കോൺഗ്രസ് പ്രഖ്യാപനങ്ങൾ. അതേസമയം  പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളെ രം​ഗത്തിറക്കിയായിരുന്നു ബിജെപിയുടെ പോർവിളി. കഴിഞ്ഞ തവണ ഭരണം നേടിയ  ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിലുള്ള അധികാര വടംവലിയായിരുന്നു കോൺ​ഗ്രസിന്റെ അധികാര നഷ്ടത്തിന്റെ കാരണം. ഇത് മുതലെടുത്ത ബി ജെ പി  'ഓപ്പറേഷൻ താമര' പയറ്റി സിന്ധ്യയേയും അദ്ദേഹത്തിന്റെ അനുയായികളായ 26 ഓളം എം എൽ എമാരേയും തങ്ങളുടെ കൂടെ ചേർക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News