Mumbai: ഹാത്രാസിലേയ്ക്കുള്ള യാത്ര മധ്യേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി (Rahul Gandhi) യ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും ഉത്തര്‍ പ്രദേശ് പോലീസില്‍ നിന്നും നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ( Shivsena) നേതാവ് സഞ്ജയ് റൗത്.
ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ നടന്ന പോലീസ് നടപടി യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിന്‍റെ ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണമാണ് ഇതെന്നും സഞ്ജയ് റൗത് (Sanjay Raut) പറഞ്ഞു.
'രാഹുല്‍ ഗാന്ധി ഒരു ദേശീയ രാഷ്ട്രീയ നേതാവാണ്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തിനെതിരായ ഉത്തര്‍ പ്രദേശ് പോലീസിന്‍റെ നടപടിയെ ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ല. ആര്‍ക്കും പിന്തുണയ്ക്കാനാവില്ല. അദ്ദേഹത്തിന്‍റെ കോളര്‍ പിടിച്ച് പോലീസ് നിലത്തേക്ക് തള്ളിയിട്ടു, ഇത് ഒരു തരത്തില്‍ രാജ്യത്തിന്‍റെ ജനാധിപത്യത്തിന് നേരെ നടന്ന കൂട്ടബലാത്സംഗമാണ്', സഞ്ജയ് റൗത് പറഞ്ഞു.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോകവേയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉത്തര്‍ പ്രദേശ് പോലീസ് യമുന എക്‌സ്പ്രസ് ഹൈവേയില്‍ വെച്ച് തടഞ്ഞത്.
ഇതോടെ വാഹനമുപേക്ഷിച്ച് ഹാത്രാസിലേക്ക് കാല്‍നടയായി പോകാന്‍ ഇരുവരും തീരുമാനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി. ഇതോടെയായിരുന്നു ഉത്തര്‍ പ്രദേശ് പോലീസ് അതിക്രമങ്ങള്‍ ആരംഭിച്ചത്. വീണ്ടും പോലീസ് ഇവരുടെ യാത്ര തടഞ്ഞതോടെ വാക്കേറ്റമുണ്ടാകുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നു. പോലീസ് രാഹുലിന്‍റെ കോളറില്‍ പിടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.
തുടര്‍ന്ന് രാഹുലും പ്രിയങ്കയുമടക്കം നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുക്കുയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ ദളിത് പെണ്‍കുട്ടിയെ അതിക്രൂര ബലാത്സംഗത്തിനിരയാക്കിയത്. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ് മുറിച്ച് മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.
അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്ദര്ജ൦ഗ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി.
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്.
സെപ്റ്റംബര്‍ 14ന് വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് വയലിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അതേസമയം , മേല്‍ ജാതിക്കാരുടെ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമാണ് ഹാത്രാസ് എന്നും പറയപ്പെടുന്നു. കുറ്റവാളികള്‍ മേല്‍ ജാതിക്കാര്‍ ആയതിനാല്‍ പോലീസ് പക്ഷപാതം കാട്ടുന്നതായും ആരോപണമുണ്ട്.