ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സിയെ ഇന്റർപോൾ റെഡ് നോട്ടീസ് പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറാൻ ഇത് തടസ്സമാവില്ലെന്നാണ് സൂചന. ഇന്ത്യൻ ഏജൻസികൾ ഇതിനെ എതിർത്തെങ്കിലും ഇൻറർപോൾ വിഷയത്തിൽ അനുകൂല നടപടി സ്വീകരിച്ചില്ല.
2018 ഡിസംബറിലാണ് ചോക്‌സിയെ റെഡ് നോട്ടീസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾക്ക് ഇത് തിരിച്ചടിയാണ്. 11,356.84 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് മെഹുൽ ചോക്സി പ്രതിയായത്. വജ്ര വ്യാപാരിയായിരുന്ന ചോക്സി കേസിൽ അകപ്പെട്ടതോടെ രാജ്യം വിടുകയായിരുന്നു.
ഇന്ത്യ വിട്ട ചോക്സി, മെയ് 23ന് ആന്റിഗ്വയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. തുടർന്ന് ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന് ആരോപിച്ച് ഡൊമിനിക്കൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. മെഹുൽ ചോക്‌സി നിലവിൽ കരീബിയൻ ദ്വീപ് രാഷ്ട്രത്തിലാണ്, ഇന്ത്യൻ അധികൃതർ അദ്ദേഹത്തെ കൈമാറാൻ ആന്റിഗ്വൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ വഴി ഇന്ത്യ ആൻറിഗ്വയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ചോക്സിയെ നാടുകടത്താൻ കഴിയില്ലെന്നായിരുന്നു ആൻറിഗ്വ സ്വീകരിച്ച നിലപാട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് ചോക്സി അറിയിച്ചിരുന്നു.
41 മണിക്കൂര്‍ യാത്രാ ചെയ്ത് ഇന്ത്യയില്‍ എത്താന്‍ ആരോഗ്യം അനുവദിക്കുന്നില്ല എന്നായിരുന്നു ചോക്സിയുടെ വാദം. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...